പാലക്കാട്ടെ അപ്രതീക്ഷിത നീക്കങ്ങളിൽ ഞെട്ടി കോൺഗ്രസ്

തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്‍റണി അഭിപ്രായപ്പെട്ടു.
cogress shocked by un expected movements
പാലക്കാട്ടെ അപ്രതീക്ഷിത നീക്കങ്ങളിൽ ഞെട്ടി കോൺഗ്രസ്
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പോരാട്ടത്തിനൊരുങ്ങുന്നതിനിടെ പാലക്കാട്ട് അപ്രതീക്ഷിതമായുണ്ടായ വിമത നീക്കങ്ങളിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രംഗത്തുവന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ ഡോ. പി. സരിൻ പാർട്ടിക്കും മുന്നണിക്കും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടൊപ്പം പഴയ എ ഗ്രുപ്പിലെ ചില നേതാക്കളും രാഹുലിനെ എതിർക്കുന്നതിനാൽ ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം.

നേതാക്കളുടെ ഇടപെടൽ മറികടന്ന് സ്ഥാനാർഥിക്കെതിരേ പരസ്യ പ്രതികരണം നടത്തിയ സരിന്‍റേത് അച്ചട ലംഘന മെന്നാണ് കെപിസിസിയുടെ വിലയിരുത്തലെങ്കിലും വരുംദിനം നിലപാട് നോക്കിയ ശേഷം തീരുമാനമെടുക്കാ മെന്നാണ് നിലവിലെ തീരുമാനം. പാലക്കാട്ട് സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനവുമായി സിപിഎം, ബിജെപി നേതാക്കളും സരിനുമായി ചർച്ചകൾ നടത്തുന്നു എന്നതിനാൽ കോൺഗ്രസിൽ നിന്നും പുറത്താക്കാതെ സരിൻ രാജിയിലേക്ക് പോകുമോയെന്നതാണ് നേതൃത്വം നോക്കുന്നത്.

വ്യാഴാഴ്ച പാലക്കാട്ടെത്തുന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡിസിസി നേതൃത്വവുമായി ചർച്ച നടത്തി എഐസിസിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം. സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നുമാണ് കെപിസിസി വിലയിരുത്തല്‍.

അതേസമയം, പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ബുധനാഴ്ച തിരുവനന്തപുരത്തെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുൻ കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയെ കണ്ട രാഹുൽ, സരിൻ തന്‍റെ അടുത്ത സുഹൃത്താണെന്നും നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള വ്യക്തിയാണെന്നുമാണ് പ്രതികരിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ രാഹുൽ പാലക്കാട് വിജയിക്കുമെന്ന് ആന്‍റണിയും പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്‍റണി അഭിപ്രായപ്പെട്ടു. സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട് ഉറച്ചുനിൽക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തിൽ പരിഭവം പറഞ്ഞാലും അതുമാറും. വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പാലക്കാട്ടെ സ്ഥാനാർഥിത്വത്തിൽ ആശങ്കവേണ്ടെന്നും എഐസിസി തീരുമാനിച്ച് പ്രഖ്യാപിച്ച രാഹുൽ മികച്ച സ്ഥാനാർഥിയാണെന്നും വി.ഡി. സതീശനും പാലക്കാട്ടെ മുൻ എംഎൽഎ കൂടിയായ ഷാഫി പറമ്പിലും വ്യക്തമാക്കി. എന്നാൽ പാലക്കാട് എംപി വി.കെ. ശ്രീകണ്ഡനടക്കം രാഹുൽ മാങ്കൂട്ടത്തിലിനെ കെട്ടിയിറക്കിയ സ്ഥാനാർഥിയായാണ് വിലയിരുത്തുന്നു എന്നതിനാൽ വരും ദിവസങ്ങളിലും പാലക്കാട് രാഷ്‌ട്രീയ ചൂട് ഉയരാനാണ് സാധ്യത.

Trending

No stories found.

Latest News

No stories found.