ജിബി സദാശിവൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരനും ബംഗളൂരുവിലെ മാധ്യമ പ്രവർത്തക സന്ധ്യ രവിശങ്കറും നടത്തിയ വെളിപ്പെടുത്തലുകൾ ആയുധമാക്കാൻ കോൺഗ്രസ്.
പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനുമെതിരേ കേസെടുക്കുന്ന പിണറായി ശൈലിക്കെതിരേ ആഞ്ഞടിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതിനായി ഗ്രൂപ്പ് മറന്നു നേതാക്കൾ ഒന്നിച്ചിട്ടുമുണ്ട്. സ്വർണം- ഡോളർ കടത്ത്, ലൈഫ് മിഷൻ കേസുകളിൽ സ്വപ്ന സുരേഷിന്റെ മൊഴി അടിസ്ഥാനമാക്കി പിണറായിക്കെതിരേ ആക്രമണം ശക്തമാക്കാനും നേതാക്കൾക്കിടയിൽ ധാരണയായി.
അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു മാധ്യമപ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലുകൾ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ശക്തിധരൻ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തിയും കെ. സുധാകരൻ പരിഹാസം കലർന്ന പ്രസ്താവനയിലൂടെയും ആവശ്യപ്പെട്ടപ്പോൾ, ബെന്നി ബഹനാൻ എംപി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ശക്തിധരന് പൊലീസ് സുരക്ഷ നൽകണമെന്നും ബെന്നി ബഹനാൻ ഡിജിപിയോട് ആവശ്യപ്പെട്ടു.
ബഹനാന്റെ പരാതിയിൽ അന്വേഷണം നടത്താൻ സർക്കാർ സമ്മതിക്കുകയും ചെയ്തു കഴിഞ്ഞു.
വ്യാജ പരാതികളുടെ അടിസ്ഥാനത്തില്‍ തനിക്കും പ്രതിപക്ഷ നേതാവിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരേ ഉടനടി കേസെടുക്കുന്ന കേരള പോലീസിന് ജി. ശക്തിധരന്റെ ആധികാരികമായ വെളിപ്പെടുത്തലുകളെ അവഗണിക്കാനാകില്ലന്ന് സുധാകരൻ പറഞ്ഞു. വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ സതീശൻ വെല്ലുവിളിച്ചു. അന്വേഷണ സമയത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.