കോട്ടയം: കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിലിന്‍റെ രാജിയിൽ കോൺഗ്രസിന് അതൃപ്തി. സീറ്റ് നിർണയ സമയത്തു തന്നെ മഞ്ഞക്കടമ്പിലിന്‍റെ പരാതി പരിഹരിക്കണമെന്ന നിർദ്ദേശം കോൺഗ്രസ് നേതൃത്വം പി ജെ ജോസഫിനും മോൻസ് ജോസഫിനും നൽകിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ ഇടപ്പെട്ട് അന്ന് സജിയെ അനുനയിപ്പിക്കുകയും സജി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സഹകരിക്കുകയും ചെയ്തതാണ്. പിന്നീട് കോൺഗ്രസ് നേതൃത്വത്തെ അവഗണിച്ച് മോൻസ് ജോസഫ് ഉൾപ്പെടെയുള്ളവർ സജിയെ മാറ്റിനിർത്തുന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. പ്രചാരണ പരിപാടികളിൽ മുന്നണി ചെയർമാനായിട്ടും സജിക്ക് അർഹമായ പരിഗണന നൽകിയില്ല. നാമനിർദേശ പത്രിക സമർപ്പണ സമയത്തുപോലും യുഡിഎഫ് ജില്ലാ ചെയർമാനെ റോഡ്ഷോയ്ക്കും മറ്റും പങ്കെടുപ്പിക്കാതിരുന്നതും മോൻസ് ജോസഫിന്‍റെ ഭാഗത്തുനിന്നുമുണ്ടായ കടുത്ത വീഴ്ചയാണെന്നും പാർട്ടി വിലയിരുത്തുന്നു.
മഞ്ഞക്കടമ്പിലിന്‍റെ രാജിക്കു പിന്നിൽ രണ്ടാമനാരെന്ന തർക്കമാണെന്നാണ് നിലവിൽ കോൺഗ്രസിന്‍റെ വിലയിരുത്തൽ. വിവാദം ഉണ്ടാക്കി ഫ്രാൻസീസ് ജോർജിന്‍റെ തോൽവി ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവരാണ് സജി മഞ്ഞക്കടമ്പിലിനെ പ്രകോപിച്ചതെന്നും കോൺഗ്രസിലെ ഒരു വിഭാഗം സംശയിക്കുന്നുണ്ട്.
ഫ്രാൻസിസ് ജോർജ് ജോസഫ് വിഭാഗത്തിലെത്തിയതോടെ പാർട്ടിയിലെ രണ്ടാമനാര് എന്നത് സംബന്ധിച്ച് മോൻസ്, ഫ്രാൻസിസ് ജോർജ് വിഭാഗങ്ങൾ തമ്മിൽ ഭിന്നത നിലനിൽക്കുകയായിരുന്നു. ഇതേ തുടർന്ന് ഭാരവാഹിത്വം സ്വീകരിക്കാതെ ഒരു ഘട്ടത്തിൽ ഫ്രാൻസിസ് ജോർജ് മാറിനിൽക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. പിന്നീട് പി ജെ ജോസഫ് ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.
എന്നാൽ ഫ്രാൻസിസ് ജോർജ് കോട്ടയത്ത് മൽസരിക്കുന്ന സാഹചര്യം വന്നപ്പോൾ രണ്ടാമനെ സംബന്ധിച്ച ആശയക്കുഴപ്പം വീണ്ടും ഉണ്ടായി. ലോക്സഭയിലേയ്ക്ക് വിജയിച്ചാൽ പി ജെ ജോസഫിന്‍റെ പിന്തുടർച്ചക്കാരനായി ഫ്രാൻസിസ് ജോർജ് മാറുമെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്. പാർട്ടിയിൽ മോൻസിന്‍റെ അപ്രമാദിത്വം ഫ്രാൻസിസ് ജോർജ് അംഗീകരിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ പ്രചാരണ രംഗത്ത് ചില മലക്കം മറിച്ചിലുകൾ മോൻസ് ജോസഫിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് സജി മഞ്ഞക്കടമ്പിൽ ഉൾപ്പെടെയുള്ളവർക്ക് പരാതി ഉണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വത്തിനും ഇപ്പോൾ അതേ സംശയങ്ങളുണ്ടെന്ന് പ്രവർത്തകർ പറയുന്നു. മഞ്ഞക്കടമ്പനെ ഈ സമയത്ത് പ്രകോപിപ്പിച്ച് പുറത്താക്കിയതിനു പിന്നിൽ തെരഞ്ഞെടുപ്പ് വിജയം അട്ടിമറിച്ച് പാർട്ടി പിടിച്ചടക്കുകയെന്ന തന്ത്രമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ തന്നെ കടുത്ത അതൃപതി മോൻസ് ജോസഫിനെ അറിയിച്ചിട്ടുണ്ട്. സജിയ്ക്ക് മറുപടി പറയുമ്പോൾ പ്രകോപനം ഉണ്ടാക്കരുതെന്നു മോൻസ് ജോസഫിനോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും മോൻസ് അത് ചെവിക്കൊണ്ടില്ല. സജിയെ പ്രകോപിക്കുന്ന വിധത്തിലുള്ളതായിരുന്നു മോൻസിന്‍റെ പത്രസമ്മേളനം. ഇതും കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.