തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് വീഴ്ച വന്നതായി സിപിഐ വിമർശനം. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് കോട്ടയം ജില്ലാ നേതൃത്വം റിപ്പോർട്ട് സമർപ്പിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ''യുഡിഎഫ് പ്രചാരണം ഏറെ മുന്നിലായിരുന്നു. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകരും നേതാക്കളുമെത്തി. മുതിർന്ന നേതാക്കൾ മണ്ഡലം കേന്ദ്രീകരിച്ച് പ്രചരണം നടത്തി. ഭവന സന്ദർശനങ്ങളും കുടുംബയോഗങ്ങളും കൃത്യമായി നടത്തി. യുഡിഎഫിന് പുതുപ്പള്ളി തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളോ ഭിന്നതകളോ കാര്യമായി ഉണ്ടായിട്ടില്ല''
''എൽഡിഎഫ് പ്രവർത്തകർ പുറത്തു നിന്നും കാര്യമായി എത്തിയില്ല. പ്രചാരണത്തിൽ പല പഞ്ചായത്തുകളിലും വീഴ്ചയുണ്ടായി. പഞ്ചായത്തു തലങ്ങളിൽ കൃത്യമായ ഏകോപനമുണ്ടായില്ല. കുടുംബയോഗങ്ങളും ഭവനസന്ദർശനങ്ങളും കാര്യമായി നടന്നില്ല. തോൽവി മുൻപേ ഉറപ്പിച്ചതു പോലെയായിരുന്നു പ്രചരണം'' എന്നും സിപിഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.