പ്രത്യേക ലേഖകൻ
തിരുവനന്തപുരം: എൽഡിഎഫിനു ലഭിക്കുന്ന രണ്ടു രാജ്യസഭാ സീറ്റുകൾ വീതംവയ്ക്കലും സ്ഥാനാർഥി നിർണയവും ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം അനുസരിച്ച്.
കേരള കോൺഗ്രസ് പ്രതിനിധി ജോസ് കെ. മാണിയുടെ കാലാവധി ജൂലൈ ഒന്നിനും, എളമരം കരിം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരുടേത് ജൂലൈ രണ്ടിനുമാണ് അവസാനിക്കുന്നത്. ഒഴിയുന്ന മൂന്നു സീറ്റിൽ രണ്ടെണ്ണം എൽഡിഎഫിനു ലഭിക്കും. ഒന്നിൽ യുഡിഎഫ് സ്ഥാനാർഥിക്കാണ് അവസരം. ആ സീറ്റ് മുസ്‌ലിം ലീഗിനായിരിക്കും. ലോക് സഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് ചോദിച്ച ലീഗിനെ രണ്ടിലേക്ക് ഒതുക്കിയത് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു.
ജൂൺ നാലിനു നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനു ശേഷമേ രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു സാധ്യതയുള്ളൂ. എൽഡിഎഫിനു ലഭിക്കുന്ന രണ്ട് സീറ്റുകളിൽ ഒന്ന് സ്വാഭാവികമായും സിപിഎം തന്നെയാവും എടുക്കുക. ഒഴിയുന്ന മറ്റ് രണ്ടു സീറ്റുകൾ എൽഡിഎഫിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള കക്ഷികളുടെ അമരക്കാരുടേതാണ്. സിപിഐയും കേരളാ കോൺഗ്രസും സീറ്റിന് നിർബന്ധം പിടിക്കുമെന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
എന്നാൽ, ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മാത്രമായിരിക്കും ജോസ് കെ. മാണിക്ക് വീണ്ടും അവസരം നൽകുക എന്നാണ് ഇപ്പോഴത്തെ സൂചന. മന്ത്രിയാകാൻ സാധ്യതയുള്ളതാണ് കാരണം.
ഇതിനിടെ, യുഡിഎഫിൽ നിന്ന് എംപി സ്ഥാനവുമായെത്തി എൽഡിഎഫിൽ അത് നിലനിർത്തിയ ആർജെഡിയുടെ സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറും അവകാശവാദം ഉന്നയിക്കാനിടയുണ്ട്. ജനതാദൾ (എസ്) പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കാനോ പുതിയ അഖിലേന്ത്യാ പാർട്ടിയിൽ ലയിക്കാനോ തീരുമാനിച്ചിട്ടുണ്ട്. അത് ആർജെഡിയുമായുള്ള ലയനമാണെങ്കിൽ ശ്രേയാംസ് കുമാറിന്‍റെ അവകാശവാദത്തിന് കരുത്തേറും. ശ്രേയാംസ് കുമാറിന്‍റെ സീറ്റ് കാലാവധി കഴിഞ്ഞപ്പോൾ സിപിഐക്കാണ് നൽകിയത്.