ജനങ്ങൾക്കിടയിൽ പരിഹാരക്രിയ ചെയ്യാൻ സിപിഎം തീരുമാനം

കേന്ദ്ര കമ്മിറ്റിയിൽ ചർച്ച പൂർത്തിയായ ശേഷമാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി‌ നിർദേശങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ചത്
CPM for corrective measures in Kerala
Sitaram YechuriFile photo
Updated on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റ കനത്ത തിരിച്ചടിക്ക് ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പരിഹാരക്രിയ ചെയ്യാൻ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കുന്നതിന് ജനങ്ങളെ കേള്‍ക്കാനാണ് കേന്ദ്രകമ്മിറ്റി നിർദേശം. കേന്ദ്ര കമ്മിറ്റിയിൽ ഞായറാഴ്ച ചർച്ച പൂർത്തിയായ ശേഷമാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി‌ നിർദേശങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ചത്.

ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുണ്ടായിട്ടുള്ള വിരോധം ഇല്ലാതാക്കുന്നതിന് ബഹുമുഖ പരിപാടികൾ ആവിഷ്കരിക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. മത സാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരുടെ എതിർപ്പ് മാത്രമല്ല തോൽവിക്ക് കാരണം. അടിസ്ഥാന ജനവിഭാഗങ്ങൾ പാർടിയിൽ നിന്നകന്നു. അവരുടെ വോട്ട് വലിയ തോതിൽ ചോർന്നിട്ടുണ്ട്.

തോൽവിക്ക് കാരണങ്ങൾ പലതാണ്. ഭരണവിരുദ്ധ വികാരം ഉണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് പരിഹാര നടപടികൾ നിർദേശിക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ തുടർച്ചയായുണ്ടായ ആരോപണങ്ങൾ പ്രതിരോധിക്കുന്നതിൽ സംഭവിച്ച പാളിച്ച, ക്ഷേമ പെൻഷനുകൾ സമയത്തിന് കൊടുക്കുന്നതിൽ വന്ന വീഴ്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കഴിയാതിരുന്നത്, കേന്ദ്രം സൃഷ്ടിക്കുന്ന ധനകാര്യ പ്രതിസന്ധി, കരുവന്നൂർ കേസ്, ഇ.പി. ജയരാജൻ സൃഷ്ടിച്ച വിവാദം തുടങ്ങി നിരവധി കാരണങ്ങൾ ചർച്ചകളിൽ ഉയർന്നു വന്നു.

ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ.കെ. ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.

കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടർച്ചയായി നിർദേശങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നേതൃയോഗങ്ങൾ ചേരും. യോഗങ്ങളിൽ സീതാറാം യെ‌ച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കൾ പങ്കെടുക്കും. വിവിധ തലങ്ങളിലെ ചർച്ചകൾക്ക് ശേഷം തിരുത്തലിനു വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയാറാക്കി നൽകും.

Trending

No stories found.

Latest News

No stories found.