''പ്രമോദിനെതിരായ നടപടി പിഎസ്‌സി കോഴ ആരോപണത്തിലല്ല, പാർട്ടി അച്ചടക്ക ലംഘനം നടത്തിയതിനാൽ'', പി. മോഹനൻ
കോഴിക്കോട്: സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രമോദ് കോട്ടൂളിനെതിരേ നടപടി എടുത്തത് പിഎസ്സി കോഴ ആരോപണത്തിലല്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പി.മോഹനൻ പറഞ്ഞു. പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്നും ഏക കണ്ഠമായി നടപടി ജില്ലാ കമ്മറ്റി അംഗികരിച്ചെന്നും പി. മോഹനൻ അറിയിച്ചു.
പിഎസ്‌സി കോഴയിൽ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ബിജെപി പ്രാദേശിക നേതാവുമായി ബന്ധം പുലർത്തി, ആരോഗ്യമന്ത്രിയുടെ സെക്രട്ടറി സജീവന്‍റെ പേരു ദുരുപയോഗം ചെയ്തു, ആരോഗ്യവകുപ്പിലെ നിയമനത്തിന് കോഴ വാങ്ങിയെന്നടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് പാർട്ടിയിൽ നിന്നും പ്രമോദിനെ പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രമോദ് കോട്ടൂളിക്കെതിരായ നടപടിയിൽ സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കോഴയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. നടപടി ഏതു വിഷയത്തിൽ എന്നു പ്രെസ്സ് റിലീസിൽ ഇല്ല. പാർട്ടി സൽപ്പേരിനു കളങ്കം ഉണ്ടാക്കിയതിൽ പുറത്തക്കുന്നു എന്നു മാത്രമാണ് സിപിഐഎം വാർത്താക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.