കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ ക്ഷമാപണവുമായി സെക്രട്ടറിയറ്റ് മുന്‍ ഉദ്യോഗസ്ഥന്‍. ഇടത് സംഘടനാ നേതാവായ നന്ദകുമാർ കൊത്താപ്പള്ളിയാണ് മാപ്പു ചോദിച്ചത്. ഇയാൾക്കെതിരെ പരാതി നൽകിയതിനു പിന്നാലെയാമ് മാപ്പപേക്ഷ. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടിലെന്ന് ഇയാൾ വ്യക്തമാക്കി.
" ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്‍റെ പോസ്റ്റിനുതാഴെ വന്ന പ്രകോപനമായ കമന്‍റുകൾക്ക് മറുപടി പറയുന്നതിനിടയിൽ ഞാന്‍ രേഖപ്പെടുത്തിയ ഒരു കമന്‍റ് മുന്‍ മുഖ്യമന്ത്രിയുടെ മകൾക്ക് അപമാനകരമായിപ്പോയതിൽ ഞാന്‍ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു.." നന്ദകുമാർ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നന്ദകുമാറിനെതിരെ അച്ചു ഉമ്മൻ പരാതി നൽകിയത്. വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്റ്റേഷനിലുമാണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നതെന്നും അച്ചു ഉമ്മൻ വ്യക്തമാക്കിയിരുന്നു.