സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനായി കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വീണ്ടും രണ്ടരലക്ഷത്തിന് മുകളിൽ. ഡേറ്റ ബാങ്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃഷിവകുപ്പിന്‍റെ വീഴ്ചയാണ് ഫയല്‍ നീക്കത്തിന് പ്രധാന തടസമെന്നാണ് റവന്യുവകുപ്പിന്‍റെ വിശദീകരണം. കുറ്റമറ്റ ഡേറ്റ ബാങ്ക് തയാറാക്കാന്‍ പലതവണ കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് റവന്യൂവകുപ്പ് കുറ്റപ്പെടുത്തുന്നു. നേരത്തെ ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ രണ്ടര ലക്ഷത്തിന് മുകളില്‍ പോയിരുന്നുെവങ്കിലും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിന് ശേഷം റവന്യൂ വകുപ്പിന്‍റെ അടിയന്തരമായ ഇടപെടല്‍ മൂലം കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കി കെട്ടിക്കിടക്കുന്ന ഫലയലുകളുടെ എണ്ണം കുറച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് പരിഗണിക്കാന്‍ ബാക്കിയുള്ളത് 2,67,610 അപേക്ഷകളാണ്.
അതില്‍ 1,40,814 അപേക്ഷകള്‍ ഡേറ്റ ബാങ്കില്‍ തെറ്റായി രേഖപ്പെടുത്തിയ ഭൂവിവരത്തില്‍ മാറ്റം ആവശ്യപ്പെട്ടുള്ളതാണ്. ഫോം-5 പ്രകാരം നല്‍കുന്ന അപേക്ഷയില്‍ തീര്‍പ്പാക്കേണ്ടത് ഡേറ്റ ബാങ്കിനെ ആശ്രയിച്ചാണെന്നിരിക്കെ ഡേറ്റ ബേങ്കിലെ ഭൂവിവരങ്ങളില്‍ കടന്നുകൂടിയ പിശകുകളാണ് റവന്യു വകുപ്പിന് നിലവില്‍ തലവേദന സൃഷിടിക്കുന്നത്. 50 സെന്റ് വരെ തരം മാറ്റിക്കിട്ടാന്‍ 1,20,319 അപേക്ഷകളും 50 സെന്‍റിന് മുകളിലുള്ള ഭൂമിക്ക് 5395 അപേക്ഷകളും റവന്യു വകുപ്പിന് മുന്നിലുണ്ട്. 1967 ന് മുമ്പത്തെ ഭൂമി തരംമാറ്റം ക്രമപ്പെടുത്താന്‍ 1082 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. ഡേറ്റ ബാങ്ക് കുറ്റമറ്റതാക്കാന്‍ നടപടി ആവശ്യപ്പെട്ട് പലതവണ കൃഷി വകുപ്പിനെ സമീപിച്ചിട്ടും അനുകൂല മറുപടി ഉണ്ടായിട്ടില്ല.
അതത് കൃഷി ഓഫീസര്‍മാര്‍ അവരവരുടെ പരിധിയിലെ തണ്ണീര്‍ത്തടത്തിന്‍റെ വിവരം ശേഖരിച്ച് രേഖപ്പെടുത്തിയാല്‍ മതിയെന്നിരിക്കെ ഇതിന് പോലും തയാറാകുന്നില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ കുറ്റപ്പെടുത്തല്‍. ഇത് സംബന്ധിച്ച് നടന്ന മന്ത്രിതല ചര്‍ച്ച നടന്നെങ്കിലും ഫലപ്രദമായ തീരുമാനമെടുക്കാനായിട്ടില്ല. അതേസമയം ഉദ്യോഗസ്ഥരുടെ എണ്ണക്കുറവാണ് ഡേറ്റ ബാങ്കിലെ പ്രശ്‌നങ്ങള്‍ പരിഹരക്കുന്നതിന് തടസമായി കൃഷി വകുപ്പ് ഉന്നയിക്കുന്നത്. അതേസമയം ഭൂമി തരംമാറ്റത്തിന്‍റെ മറവില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് റവന്യൂ ഡിവിഷനല്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരും ചില ഏജന്‍സികളും ക്രമവിരുദ്ധമായി ഇടപടെുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.
ഭൂമിയുടെ തരം രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയതിനാല്‍ പല ഭൂ ഉടമകളും വായ്പലഭിക്കാത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. നിലമെന്ന് രേഖപ്പെടുത്തിയ കൃഷിഭൂമി വായ്പക്ക് ഈടായി വാങ്ങാന്‍ ചില ബാങ്കുകള്‍ തയാറാകാത്ത സാഹചര്യമുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് പലരും ഭൂമി തരംമാറ്റല്‍ അപേകഷ നല്‍കിയത്.
അതേസമയം ലൈഫ് പദ്ധതിക്കായി ഭൂമി കൈമാറല്‍, പഠനാവശ്യങ്ങള്‍ക്കായി വായ്പയെടുക്കല്‍, ഗുരുതര രോഗ ചികിത്സക്കായി ഈടുവെക്കല്‍ തുടങ്ങിയ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കി വരുന്നുണ്ട്. അല്ലാതെയുള്ള അപേക്ഷകള്‍ തീര്‍പ്പാകാനാണ് കാലതാമസമെടുക്കുന്നത്. ഇത് പരിഹരിക്കാനായി കൂടുതല്‍ ഡെപ്യൂട്ടി കലക്റ്റർമാർക്ക് ഫയല്‍ തീര്‍പ്പാക്കല്‍ അധികാരം നല്‍കി നടപടി വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.