തിരുവനന്തപുരം: പതിനെട്ടാംപടിയുടെ വീതികൂട്ടുന്നത് സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമലയിലെ ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച അവസാനവാക്ക് തന്ത്രിയുടെതാണെന്നും പ്രസിഡന്റ് പ്രതികരിച്ചു.
ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട കാര്യം തീരുമാനിക്കേണ്ടത് തന്ത്രിയാണ്. പതിനെട്ടാംപടിയുമായി ബന്ധപ്പെട്ട് ഐതിഹ്യപരമായ കാര്യങ്ങളുണ്ട്. ആചാരത്തിൽ മാറ്റംവരുത്താൻ ദേവപ്രശ്നം അടക്കമുള്ളവ വേണം. തന്ത്രിക്കു പോലും ഇക്കാര്യത്തിൽ പെട്ടെന്നു തീരുമാനം എടുക്കാനാകില്ലെന്നും പി.എസ്.പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലെ തിരക്കു കുറയ്ക്കാൻ പൊലീസും ദേവസ്വംബോർഡും ചേർന്നു പ്രവർത്തനങ്ങൾ നടത്തുകയാണ്. നിലവിൽ തിരക്കു കുറയ്ക്കാൻ കഴിഞ്ഞു. അപ്പാച്ചിമേട്ടിൽ നിന്നു നീലിമല കയറി വരുമ്പോൾ ഭക്തർക്കു ക്ഷീണമുണ്ടാകും. അതു പരിഹരിക്കാൻ ആറ് ക്യൂ കോംപ്ലക്സുകൾ നിർമിച്ചു. ഓരോ കോംപ്ലക്സിനും മൂന്നു ക്യുബുകളുണ്ട്. ഓരോ ക്യൂബിലും 250 പേർക്ക് തങ്ങാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ഭക്തർക്കു സുഗമമായ ദർശനം നടത്താൻ സൗകര്യമൊരുക്കുകയാണു ബോർഡിന്റെ താൽപ്പര്യം. 2017ൽ ക്യൂ കോംപ്ലക്സ് കെട്ടിടനിർമാണം പൂർത്തിയായിരുന്നു. ഈ വർഷമാണ് ഈ സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്. നീലിമല കയറി വരുന്ന 4500 ഓളം ഭക്തർക്കു മഴയും വെയിലും കൊള്ളാതെ കെട്ടിടത്തിൽ വിശ്രമിക്കാനാകും.
ബുക്കിങ് സംവിധാനത്തിൽ കുഴപ്പമുണ്ടെന്നു കരുതുന്നില്ല. എന്തു പ്രശ്നം ഉണ്ടെങ്കിലും വിവിധ വകുപ്പുകളുമായി ആലോചിച്ച് പരിഹാരം കാണുമെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കി.