കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍റെ പുനര്‍നിര്‍മാണത്തിനായുള്ള ടോപ്പോഗ്രഫിക്കല്‍ സര്‍വെ പൂര്‍ത്തിയായി. നിര്‍മാണം നടത്തേണ്ട സ്ഥലങ്ങളിലെ മണ്ണ് പരിശോധന തുടരുകയാണ്. പത്തൊമ്പതു മാസമാണു സ്റ്റേഷന്‍റെ പുനര്‍നിര്‍മാണ കാലാവധി. റെയില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേതു പോലുള്ള സൗകര്യങ്ങളാവും പുനര്‍വികസനത്തിലൂടെ ഉറപ്പാക്കുക.
ലോകോത്തര റെയില്‍വേ സ്റ്റേഷനായി കന്യാകുമാരിയെ ഉയര്‍ത്തുക, നിലവിലുള്ള ടെര്‍മിനല്‍ കെട്ടിടത്തിന്‍റെ വിപുലീകരണവും നവീകരണവും, പ്ലാറ്റ്ഫോം നവീകരണം തുടങ്ങിയവയാണു പ്രവര്‍ത്തനങ്ങള്‍. കന്യാകുമാരി ടെര്‍മിനല്‍ സ്റ്റേഷനായതിനാല്‍ എല്ലാ പ്ലാറ്റ്ഫോമുകളും നിര്‍ദ്ദിഷ്ട ഗ്രൗണ്ട് ലെവല്‍ കോണ്‍കോഴ്സ് വഴി ബന്ധിപ്പിക്കും. കോണ്‍കോഴ്സില്‍ വെയ്റ്റിംഗ് ലോഞ്ചുകളും വാണിജ്യ ഏരിയയും ഉണ്ടായിരിക്കും.
വിപുലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കും. തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വേ റൂട്ടില്‍ സ്ഥിതി ചെയ്യുന്ന കന്യാകുമാരി സ്‌റ്റേഷന്‍റെ പുനര്‍ നിര്‍മാണച്ചുമതല ചെന്നൈ ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡിനാണ് കരാറായിട്ടുള്ളത്.