വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

ഒരു വര്‍ഷത്തില്‍ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നല്‍കേണ്ടതാണ്
Deworming Day november 26
വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി
Updated on

തിരുവനന്തപുരം: വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടികളില്‍ വിളർച്ചയ്ക്കും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒ​ന്നു മുതല്‍ 14 വയസ് വരെയുളള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഒരു വര്‍ഷത്തില്‍ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നല്‍കേണ്ടതാണ്. സ്‌കൂളുകളും അ​ങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിവരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം.

നവംബർ 26 നാണ് ഈ വര്‍ഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്ച വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് അവിടെ ​നിന്നും വിദ്യാലയങ്ങളില്‍ എത്താത്ത ഒ​ന്നു മുതല്‍ 19 വയസു​ വരെ പ്രായമുളള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും ഗുളിക നല്‍കും. ഏതെങ്കിലും കാരണത്താല്‍ ചൊവ്വാഴ്ച ഗുളിക കഴിക്കുവാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഡിസംബര്‍ 3ന് ഗുളിക നല്‍കും. ഈ കാലയളവില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികള്‍ ഗുളിക കഴിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഗുളിക നല്‍കണം- മന്ത്രി നിർദേശിച്ചു.

ഒന്ന് മുതല്‍ 2 വയസു ​വരെ അര ഗുളികയും (200 മില്ലിഗ്രാം), 2 മുതല്‍ 19 വയസു ​വരെ ഒരു ഗുളികയും (400 മില്ലിഗ്രാം) നല്‍കണം. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെളളത്തില്‍ ഗുളിക അലിയിച്ചു കൊടുക്കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം. അസുഖമുളള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നല്‍കാം. ഗുളിക കഴിച്ചതിനു ശേഷം സാധാരണയായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ വിരബാധ കൂടുതലുളള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായോക്കാം.

Trending

No stories found.

Latest News

No stories found.