സവാദ് കൈവെട്ട് കേസിലെ പ്രതിയെന്ന് അറിഞ്ഞില്ല: ഭാര്യാപിതാവ്

കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ; ഫോൺ പരിശോധിക്കും
സവാദിനെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
സവാദിനെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
Updated on

കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളെജിലെ അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നു വിവാഹം കഴിച്ചത് അനാഥനെന്നു പറഞ്ഞ്. പെൺകുട്ടിയുടെ പിതാവിനെ ദക്ഷിണ കന്നഡയിലെ ഉള്ളാളിൽ പള്ളിയിൽ വച്ചു പരിചയപ്പെട്ടതാണ് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും എൻഐഎ.

വിവാഹപ്രായം എത്തിയ പെൺമക്കളുടെ പിതാവായിരുന്നു മഞ്ചേശ്വരം സ്വദേശി. താൻ അനാഥനാണെന്ന് സവാദ് പറഞ്ഞതോടെ ഇദ്ദേഹം മൂത്ത മകളെ വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമേ സവാദ് മഞ്ചേശ്വരത്തെ യുവതിയുടെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ജോലി ചെയ്യുന്ന സ്ഥലത്ത് വാടക വീടെടുത്ത് അവിടേക്ക് ഭാര്യയെയും കൂട്ടി പോകുകയായിരുന്നു.

ഒരിടത്ത് തന്നെ കൂടുതൽ കാലം താമസിക്കാതെ പല സ്ഥലങ്ങളിലായി മാറി ജോലി നോക്കുകയായിരുന്നു സവാദിന്‍റെ രീതി. ഇടയ്ക്കിടെ മാത്രമേ ഭാര്യവീട്ടിൽ എത്താറുണ്ടായിരുന്നുള്ളുവെന്നും കൈവെട്ട് കേസിലെ പ്രതിയായിരുന്നു സവാദെന്ന് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ലെന്നുമാണ് ഭാര്യാ വീട്ടുകാർ എൻഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

2016 ലായിരുന്നു സവാദമായുള്ള യുവതിയുടെ വിവാഹം നടന്നത്. ഈ ബന്ധത്തിൽ നാലും ഒൻപത് മാസവും പ്രായമുള്ള രണ്ടു മക്കളാണുള്ളത്. ഒരു വർഷത്തിലധികമായി സവാദ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചത് കണ്ണൂരിലെ ഒരു വാടകവീട്ടിലാണ്.

റിയാസ് എന്നയാളുടെ സംഘത്തിൽ മരപ്പണിക്കാരനായി പല സ്ഥലങ്ങളിലായി ഇയാൾ പണിയെടുത്തിട്ടുണ്ടെന്നാണ് വിവരം.

കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ; ഫോൺ പരിശോധിക്കും

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്‍റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങുകയാണ് ലക്ഷ്യം.

24 വരെ റിമാൻഡിലാണ് സവാദ്. എറണാകുളം സബ് ജയിലിലാണ് ഇയാൾ. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത രണ്ടു മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.