''കുട്ടികളെ ഓഫീസിൽ കൊണ്ടു വരാൻ പാടില്ല''; സർക്കാർ ഉത്തരവ് വൈറൽ, മേയർ സർക്കാർ ഉദ്യോഗസ്ഥയല്ലെന്നു മറുപടി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ കുട്ടികളെ ഓഫീസിൽ കൊണ്ടു വരാൻ പാടില്ലെന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കൈക്കുഞ്ഞിനേയുമായി ഓഫീസിലെത്തിയ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് 2018 ലെ സർക്കാർ ഉത്തരവ് ശ്രദ്ധ നേടുന്നത്.
മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശ പ്രകാരം 2018 ലാണ് ഉത്തരവ് പുറത്തിറക്കിയത്. കുട്ടികളെയുമായി ഓഫീസിലെത്തുന്നത് വഴി ഓഫീസ് സമയം നഷ്ടപ്പെടുത്തുന്നു, ഓഫീസ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നു, കുട്ടിയുടെ വ്യക്തിത്വ വികസനത്തെ ഇത് ബാധിക്കുന്നു എന്നീ കാരണങ്ങളാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.
ഇക്കാരണങ്ങളാൽ കുട്ടികളെ ഓഫീസിൽ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പിന്‍റെ ഉത്തരവിൽ വിശദീകരിക്കുന്നു.
അതേസമയം, സർക്കാർ ജീവനക്കാർക്കുള്ള ഉത്തരവിന്‍റെ പരിധിയിൽ ജനപ്രതിനിധികൾ ഉൾപ്പെടുന്നില്ലെന്ന വാദവും നിലനിൽക്കുന്നു. സർക്കാർ ജീവനക്കാർക്ക് ആറു മാസം പ്രസവാവധി ലഭിക്കും. എന്നാൽ, ജനപ്രതിനിധികൾക്ക് ഇതു ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ മേയർ കുട്ടിയുമായി എത്തരുതെന്നു നിർദേശിക്കാനാവില്ലെന്നും ആര്യയെ അനുകൂലിക്കുന്നവർ പറയുന്നു.