തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കൊല്ലം നെടുമ്പന യുപി സ്കൂൾ അധ്യാപകനായിരുന്ന സന്ദീപിനെതിരെയുള്ള നടപടി. നേരത്തെ ഇയാളെ സർവീസിൽ നിന്നു സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിനു തന്നെ കളങ്കമാണെന്നും കാരണം കാണിക്കൽ നോട്ടീസിനു സന്ദീപ് നൽകിയ മറുപടി തൃപ്തികരമല്ലെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കൊല്ലം ജില്ലയിലെ എയിഡഡ് സ്കൂളായ യുപിഎസ് വിലങ്ങറയിൽ നിന്നും തസ്തിക നഷ്ടപ്പെട്ട് എയിഡഡ് സ്കൂളായ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ ഒഴിവിൽ പുനർ വിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു ജി സന്ദീപ്. സന്ദീപിന്റെ പെരുമാറ്റവും നടപടികളും മാതൃകാ അധ്യാപകന്റെ പെരുമാറ്റ ചട്ടങ്ങൾക്കു വിരുദ്ധവും അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്നതുമാണ്. കേരള വിദ്യാഭ്യാസ നിയമം അധ്യായം 13, 14 ബി, 14 സി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മാതൃകാ അധ്യാപകന്റെ പെരുമാറ്റ ചട്ടത്തിനു വിരുദ്ധമായി സന്ദീപ് പ്രവർത്തിച്ചു എന്നതിനാൽ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ ജി സന്ദീപിനെ സേവനത്തിൽ നിന്നും മെയ് 10നു ജോലിയിൽ നിന്നു വിലക്കിയിരുന്നു. ഇയാൾക്കെതിരേ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതായി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.