മരട് ജോസഫ് (94)
മരട് ജോസഫ് (94)

നാടക നടന്‍ മരട് ജോസഫ് അന്തരിച്ചു

മോഹന്‍ലാലിന്‍റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലും മരട് ജോസഫ് അഭിനയിച്ചിട്ടുണ്ട്.
Published on

കൊച്ചി: നാടക നടന്‍ മരട് ജോസഫ് (94) അന്തരിച്ചു. ഇന്‍ക്വിലാബിന്‍റെ മക്കള്‍, വിശക്കുന്ന കരിങ്കാലി, പ്രേതലോകം, വൈന്‍ ഗ്ലാസ് തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയുടെ വിശിഷ്ടാംഗത്വം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കൊച്ചി മരട് അഞ്ചുതൈക്കല്‍ സേവ്യറിന്‍റെയും ഏലീശ്വയുടെയും മകനായി ജനിച്ച ജോസഫ് സ്‌കൂള്‍ കാലം മുതലേ നാടകങ്ങളില്‍ സജീവമായിരുന്നു. ചെറായി ജി. എഴുതിയ വഴിത്താര എന്ന നാടകത്തില്‍ അഭിനയച്ചതോടെയാണ് മരട് ജോസഫ് എന്ന നാമം സ്വീകരിച്ചത്. പിന്നീട് പി. ജെ. ആന്‍റണിയുടെ പ്രതിഭാ ആര്‍ട്‌സ് ക്ലബ്ബിലെ അംഗമായി.

വിശക്കുന്ന കരിങ്കാലി എന്ന നാടകത്തിനു വേണ്ടിയാണ് ആദ്യമായി പാടിയത്. ഒഎന്‍വിയുടെ വരികളില്‍ ദേവരാജന്‍റെ സംഗീതത്തില്‍ 'കൂരകള്‍ക്കുള്ളില്‍ തുടിക്കും ജീവനാളം കരിന്തിരി കത്തി' എന്ന ഗാനവും 'വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിന്‍ പനിനീരേ' എന്ന ഗാനവും പാടി. കേരള തിയെറ്റേഴ്‌സ്, കൊച്ചിന്‍ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയെറ്റേഴ്‌സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്‌സ്, ആലപ്പി തിയെറ്റേഴ്‌സ് തുടങ്ങിയ സമിതികളില്‍ സഹകരിച്ചിട്ടുണ്ട്.

എന്‍. എന്‍ പിള്ള, കെ. ടി മുഹമ്മദ്, എന്‍. ഗോവിന്ദന്‍കുട്ടി, സെയ്ത്താന്‍ ജോസഫ്, നോര്‍ബര്‍ട്ട് പാവന തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചു. എം. ടി. വാസുദേവന്‍ നായര്‍ എഴുതിയ ഗോപുരനടയില്‍ എന്ന നാടകത്തിലും അഭിനയിച്ചു. മോഹന്‍ലാലിന്‍റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലും മരട് ജോസഫ് അഭിനയിച്ചിട്ടുണ്ട്. കുറച്ചുകാലം മുമ്പ് സഹീര്‍ അലി സംവിധാനം ചെയ്ത എ ഡ്രമാറ്റിക് ഡെത്ത് എന്ന സിനിമയ്ക്കു വേണ്ടിയും അദ്ദേഹം പാടിയിരുന്നു. തൊണ്ണൂറ്റിരണ്ടാം വയസിലാണ് അദ്ദേഹം ആദ്യമായി സിനിമാഗാനം പാടിയതെന്ന പ്രത്യേകതയുമുണ്ട്.