തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരേ സംസ്ഥാന വ്യാപക മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലക്ഷക്കണക്കിനാളുകളാണ് മനുഷ്യച്ചങ്ങലയിൽ അണിനിരക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനപ്രവാഹം മനുഷ്യച്ചങ്ങലയുടെ ഭാഗമായി.
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച മനുഷ്യ ചങ്ങല തിരുവനന്തപുരം രാജ്ഭവന് മുന്നിൽവരെയാണ് നീണ്ടത്. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് പി.കെ.ശ്രീമതി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് എ.എ.റഹീം എംപിയാണു മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായത്. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്‍റും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജൻ ചങ്ങലയിലെ അവസാന കണ്ണിയായി.മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും തലസ്ഥാനത്ത് മനുഷ്യചങ്ങലയിൽ കണ്ണിയായി. എം. മുകുന്ദൻ അടക്കമുള്ള സാഹിത്യരംഗത്തുനിന്നുള്ള നായകരും, സാംസ്‌കാരിക, സാമൂഹ്യ മേഖലയിൽ നിന്നുള്ള പ്രമുഖരും മനുഷ്യച്ചങ്ങലക്ക് പിന്തുണയുമായി എത്തി.