നിപ: സംശയ നിവാരണത്തിന് ഇ സഞ്‌ജീവനി ഉപയോഗപ്പെടുത്താം

E-Sanjeevani kerala special OPD for nipah related service
നിപ: സംശയ നിവാരണത്തിന് ഇ സഞ്‌ജീവനി ഉപയോഗപ്പെടുത്താം
Updated on

തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈൻ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്റ്ററുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതുകൂടാതെ മറ്റ് അസുഖങ്ങള്‍ക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്റ്റര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആന്‍റ് സ്പോക്ക് സംവിധാനം വഴി ഡോക്റ്റര്‍ ടു ഡോക്റ്റര്‍ സേവനവും ലഭ്യമാണ്.ജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശ വര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ജെഎച്ച്ഐ, ജെപിഎച്ച്എന്‍ എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്റ്റര്‍മാരുടെ സേവനം തേടാമെന്ന് മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.