തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്നതിനിടെ വീണ്ടും ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശം ഓഗസ്റ്റ് മുതല്‍ നിലവിലുണ്ട്.
ഈ നിയന്ത്രണം അധികം വൈകാതെ നീക്കിയേക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കേയാണ് ഇടപാട് പരിധിയില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവന്നത്.ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിധിയും മുന്‍ഗണനയും ധനവകുപ്പ് തീരുമാനിച്ച ശേഷം മാത്രമായിരിക്കും തുക അനുവദിക്കുക. സര്‍ക്കാരിന്റെ അത്യാവശ്യ ചെലവുകള്‍ മുടങ്ങാതിരിക്കാനാണ് നടപടിയെന്നാണ് ധനവകുപ്പ് നല്കുന്ന വിശദീകരണം.
ഒക്റ്റോബര്‍ 15 വരെയുള്ള ബില്ലുകളെല്ലാം പരിധിയില്ലാതെ മാറി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം വരെയുള്ള തുകയും മാറി നല്‍കും. സാമ്പത്തിക സ്ഥിതി പിന്നെയും മോശമാകുകയും അത്യാവശ്യ ചെലവുകള്‍ക്ക് പണം തികയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയ ചിട്ടയെന്നാണ് ധനവകുപ്പ് വിശദീകരണം. അറുപതിനം അത്യാവശ്യ ചെലവുകള്‍ക്ക് ബാധകമല്ലാത്ത വിധത്തിലാണ് നിയന്ത്രണം.
ഈ വര്‍ഷം നാലാമത്തെ പ്രാവശ്യമാണ് ട്രഷറിയിലെ ബില്‍ മാറ്റ പരിധി വെട്ടിക്കുറക്കുന്നത്. ഒരു കോടി വരെയായിരുന്ന ബില്‍ മാറ്റപരിധി ഈ വര്‍ഷം ഏപ്രിലില്‍ 25 ലക്ഷമാക്കി കുറച്ചു. രണ്ടു മാസം പിന്നിട്ടപ്പോഴേക്ക് സാമ്പത്തിക കൂടുതല്‍ പരുങ്ങലിലായതിനെ തുടര്‍ന്ന് ജൂലൈ 30ന് ബില്ലുകളുടെ പരിധി 10 ലക്ഷമാക്കി കുറച്ചു. അതിനുശേഷം ഒരുമാസം പിന്നിടുന്നതിനിടെ ഓഗസ്റ്റില്‍ പരിധി വീണ്ടും കുറച്ച് അഞ്ചുലക്ഷമാക്കി. അതാണ് വീണ്ടും കുറച്ച് ഒരു ലക്ഷമാക്കിയിരിക്കുന്നത്.