തിരുവനന്തപുരം: വിദ്യാർഥികളിൽ നിക്ഷേപശീലം വളർത്താനുള്ള സഞ്ചയിക പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കിയ പശ്ചാത്തലത്തിൽ അതേ മാനദണ്ഡങ്ങൾ നിലനിർത്തി സ്റ്റുഡന്റ്സ് സേവിങ് സ്കീം എന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാനത്ത് നടപ്പാക്കാൻ ധനവകുപ്പ് ഉത്തരവായിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ ജോബ് മൈക്കിളിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇത് സ്കൂള്‍ തലത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപരമായ കാര്യങ്ങൾ മാര്‍ഗനിർദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതിനായി സ്കൂളില്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും പദ്ധതി നടത്തിപ്പിന്റെ ഉത്തരവാദിത്വം ഉള്ള അധ്യാപകന് ഇൻസെന്റീവ് നല്‍കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ മാര്‍ഗനിർദേശത്തില്‍ ഉത്തരവായിട്ടുണ്ട്.
സമ്പാദ്യ പദ്ധതി കൂടുതല്‍ ആകര്‍ഷണീയവും കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തുന്നതിനായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി.