കോഴിക്കോട്: എലത്തൂർ ട്രെയ്ൻ തീവെയ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്ക് കൂട്ടാളികളുണ്ടായിരുന്നോ എന്നു പൊലീസ് അന്വേഷിക്കുന്നു. ട്രെയ്നിൽ തന്നെ കൂട്ടാളികൾ ഉണ്ടാവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഷൊർണൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നത്.
ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന മൊഴിയാണ് സെയ്ഫി ആവർത്തിക്കുന്നത്. എന്നാൽ പൊലീസ് മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്. അതേസമയം ട്രാക്കിൽ നിന്നും കിട്ടിയ സെയ്ഫിയുടെ ബാഗിൽ ഭക്ഷണപ്പാത്രം ഉണ്ടായിരുന്നു. ഇത് ആരെങ്കിലും എത്തിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
പമ്പിലെത്തി സെയ്ഫി പെട്രോൾ വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. റെയ്ൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള പമ്പിലെത്തിയാണ് പെട്രോൾ വാങ്ങിയത്. ഇതിനായി ഷാരൂഖ് സെയ്ഫിയെ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്ത ഓട്ടോക്കാരനെ കണ്ടെത്തി. ബോഗിയില്‍ തീവച്ചതിന് ശേഷം ഇയാൾ അതേ ട്രെയ്നിൽ പോയി കണ്ണൂരിലിറങ്ങി പകല്‍ ഒളിച്ചിരുന്നു. ഇതിനെല്ലാം അയാൾക്കു സഹായം ലഭിച്ചിട്ടുണ്ടെന്നാണു പൊലീസിന്‍റെ നിഗമനം.