കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമത്തിലും പൊലീസിന്‍റെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ച ഹർത്താൽ പ്രഖ‍്യാപിച്ച് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വോട്ട് ചെയ്യാനെത്തിയ വോട്ടർമാരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തതിനെ ചോദ‍്യം ചെയ്തതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
വോട്ട് ചെയ്യാനെത്തിയവരുടെ ഐഡി കാർഡ് സിപിഎം പ്രവർത്തകർ കീറി കളഞ്ഞുവെന്നും 10,000 കോൺഗ്രസ് പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും സിപിഎം 5000ത്തോളം കള്ളവോട്ട് ചെയ്തുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കോഴിക്കോട് കമ്മിഷണറെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും പൊലീസ് നോക്കി നിൽക്കുകയാണ് ഉണ്ടായതെന്നും സിപിഎം നടത്തിയത് കണ്ണൂർ മോഡൽ അക്രമമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പൊലീസിനും സഹകരണ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും നേതാക്കൾ ആവശ‍്യപ്പെട്ടു. ശനിയാഴ്ച രാവിലെ 8 മണിയോടെ വോട്ടെടുപ്പ് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത‍്യാരോപണങ്ങൾ ഉണ്ടായി. ഇത് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.