തിരുവനന്തപുരം: വേനല്‍ കടുത്തതോടെ, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചു. തിങ്കളാഴ്ച മാത്രം ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോടെ ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. തിങ്കളാഴ്ച വൈകിട്ട് 6 മണി മുതല്‍ 10 മണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം 2023 ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്.
വൈദ്യുതി ഉപയോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്ക് പോകും. കൂടുതൽ വൈദ്യുതി പുറത്തുനിന്നു വാങ്ങേണ്ടതായും വരും. ഇത് സമീപഭാവിയിൽ നിരക്ക് വർധനയ്ക്കും കാരണമാകാം.
നിലവില്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന വില കൊടുത്താണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്. പീക്ക് സമയത്ത് 6 കോടി രൂപയാണ് ഇതിനായി കെഎസ്ഇബി ചെലവഴിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചെലവുണ്ടാകാൻ പ്രധാന കാരണമാകുന്നതെന്നാണ് സൂചന. അതിനാല്‍ തന്നെ വൈദ്യുതി ഉപയോഗം നിയന്ത്രണവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണ് കെഎസ്ഇബി.