സ്വന്തം ലേഖകന്‍
ഇടുക്കി< ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതിപടർത്തിയ കാട്ടാന "അരിക്കൊമ്പൻ' പുതിയ കാട്ടിൽ പ്രയാണം തുടങ്ങി. ഇന്നലെ പുലർച്ചെ നാലരയോടെ കുമളിയിൽ നിന്ന് 21 കിലോമീറ്റര്‍ അകലെ സീനിയറോട മുല്ലക്കുടി മേഖലയിൽ തുറന്നുവിട്ട ആനയുടെ റേഡിയോ കോളറില്‍ നിന്ന് രാവിലെ ഏഴുമണിയോടെ വനംവകുപ്പിന് ആദ്യ സിഗ്നലുകൾ ലഭിച്ചു. ഇനിയുള്ള ദിവസങ്ങളിലും ആന പൂർണമായി വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വരുംദിവസങ്ങളിൽ ആന പുതിയ കാടുമായി ഇണങ്ങുമെന്നും അധികൃതർ. വെള്ളവും തീറ്റയും ഏറെ ലഭ്യമായ കാടാണിത്. അതുകൊണ്ടുതന്നെ ജനവാസ കേന്ദ്രങ്ങളിലേക്ക് തിരികെയെത്തുമെന്നു കരുതുന്നില്ല. തമിഴ്നാട് അതിർത്തിയോടു ചേർന്നാണ് ആനയുടെ പുതിയ കേന്ദ്രം.
ശനിയാഴ്ച വൈകിട്ട് ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെയും വഹിച്ചു പുറപ്പെട്ട വാഹനവ്യൂഹം രാത്രി 10.30യോടെയാണ് കുമളിയിലെത്തിയത്. എസ്കവേറ്റർ ഉൾപ്പെടെ സാമഗ്രികളുമായി വനത്തിലേക്കു പോയ ദൗത്യസംഘം രാത്രി ഒരുമണിയോടെയാണു മുല്ലക്കുടിയിലത്തിയത്. വൈകിട്ടു പെയ്ത കനത്ത മഴ മൂലം നിരവധിയിടങ്ങളിൽ ലോറി ചെളിയിൽ താഴ്ന്നത് ദൗത്യം വൈകിച്ചു.
മുല്ലക്കുടിയിൽ ലോറി നിർത്തിയശേഷം സംഘത്തിലെ ഡോക്റ്റർമാർ ആനയെ പരിശോധിച്ചു.
ചക്കക്കൊമ്പുമായുള്ള ഏറ്റുമുട്ടലിലും കുങ്കിയാനകളുടെ ബലപ്രയോഗത്തിലും ലോറിയാത്രയ്ക്കിടെ നടത്തിയ പരാക്രമത്തിലുമടക്കം അരിക്കൊമ്പന് പരുക്കേറ്റിരുന്നു. തുമ്പിക്കൈയിലെ മുറിവായിരുന്നു ഇതിൽ പ്രധാനം. ഇവയെല്ലാം ഭേദമാകാൻ മരുന്നു നൽകി. മുറിവുകളൊന്നും സാരമുള്ളതല്ലെന്ന് ദൗത്യസംഘ തലവന്‍ ഡോ. അരുണ്‍ സക്കറിയ അറിയിച്ചു.
തുടർന്ന് പിടികൂടാനും ലോറിയാത്രയ്ക്കുമായി നൽകിയ മരുന്നു മൂലമുള്ള മയക്കം മാറാൻ ആന്റി ഡോസ് നൽകി. തുടർന്ന് കാലുകളിലെ വടങ്ങളും അഴിച്ചുമാറ്റി. ഒന്നര മണിക്കൂറോളം കാത്തിരുന്നപ്പോഴാണ് മയക്കം പൂർണമായി മാറിയത്. ഇതോടെ ആന തനിയെ ലോറിയിൽ നിന്നിറങ്ങി. ആകാശത്തേക്കു വെടിവച്ച് ഒന്നര കിലോമീറ്ററിലേറെ ദൂരം ആനയെ ഓടിച്ച് അകറ്റിയ വനംവകുപ്പ് സംഘം മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് മടങ്ങിയത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ആന പുതിയ ആവാസവ്യവസ്ഥയുമായി ഇണങ്ങുമെന്നാണ് കരുതുന്നത്. തേക്കടി തടാകമുൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശം ഏറെ കാട്ടാനകളുള്ള മേഖലയാണ്. ഇവിടത്തെ കാട്ടാനക്കൂട്ടത്തിലേക്ക് ഇണങ്ങിച്ചേരാൻ അരിക്കൊമ്പന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അധികൃതർ.