ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച കൊമ്പൻ ചരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. കഴിഞ്ഞ ദിവസം അവശനായി വീണ ആനയ്ക്ക് ചികിത്സ നൽകിയെങ്കിലും എഴുന്നേൽപ്പിക്കാനായില്ല. ഇന്നലെ ചരിയുകയായിരുന്നു. ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയായിരുന്നുവെന്നു ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങളുള്ള ചന്ദ്രശേഖരനെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്നു നാട്ടുകാർ ആരോപിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ കൊല്ലം മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രത്തിലെ ആനയാണു ചന്ദ്രശേഖരൻ. ദേവസ്വം ബോർഡിന്റെ കണക്കുപ്രകാരം 57 വയസാണു പ്രായം. 1988 ലാണ് ആനയെ മൈനാഗപ്പള്ളിയിലെ നാട്ടുകാർ വെട്ടിക്കാട്ട് ക്ഷേത്രത്തിൽ നടക്കിരുത്തിയത്.
ചന്ദ്രശേഖരനെയും ഓമല്ലൂർ ക്ഷേത്രത്തിലെ മണികണ്ഠൻ എന്ന കൊമ്പനെയുമാണു ദേവസ്വം ബോർഡ് ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഉത്സവത്തിനു നിയോഗിച്ചിരുന്നത്.