പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കഴിഞ്ഞ ദിവസം ഡിസി ബുക്‌സ് പങ്കുവെച്ച ഇ.പി. ജയരാജന്‍റെ ആത്മകഥയില്‍ സരിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. സ്ഥാനം മോഹിച്ച് വരുന്നവര്‍ വയ്യാവേലിയാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപിയുടെ പ്രതികരണം.
സരിന്‍ പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും വിശ്വസിച്ച കോണ്‍ഗ്രസില്‍ നിന്ന് സരിന് നീതി കിട്ടിയില്ലയെന്നും ഇപി പറഞ്ഞു. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണ് എന്നും പൊതസമൂഹത്തോട് പ്രതിബദ്ധതയുള്ള ജനസേവനത്തിന് വേണ്ടി ജോലി പോലും രാജിവെച്ചയാളാണ് അദ്ദേഹം എന്നും ഇപി പറഞ്ഞു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ മാറ്റി മറിച്ച് ഒരു പുതിയ നാടാക്കി മാറ്റാന്‍, പുതിയ പാലക്കാട് സൃഷ്ടിച്ചെടുക്കാന്‍ സരിന് സാധിക്കും. സരിന്‍ എന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമാണ്. സ്വന്തം കഴിവ് കൊണ്ട് മുന്നേറിയ ആളാണ് സരിനെന്നും ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് പിടിച്ചെടുക്കാന്‍ സരിന് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സരിന്‍ ജയിക്കും.
പാലക്കാടിന്‍റെ സമസ്ത മേഖലയിലും വികസന മുരടിപ്പാണുള്ളതെന്നും ഇപി പറഞ്ഞു. വികസനോന്മുഖമായ പാലക്കാടിനായി സരിനാണ് ജയിക്കേണ്ടത്.സരിന്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ് എന്ന് യുവാക്കളും വിദ്യാര്‍ഥികളും സ്ത്രീകളും ആഗ്രഹിക്കുന്നു. ജനസേവനത്തിന് മാതൃകയായി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജനവിധി തേടുന്നത് എന്നും ഇപി വ്യക്തമാക്കി.
സരിന്‍ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത് എങ്കിലും ഇടതുപക്ഷ മനസ് ആയിരുന്നു സരിന്‍റെത് എന്നും അദ്ദേഹം പറഞ്ഞു. പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ ഒരു വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് അപൂര്‍വമാണ് എന്നും അദ്ദേഹം വിശ്വസിച്ച കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായും വ്യക്തി താത്പര്യങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നിലകൊണ്ടു എന്നും ഇപി കുറ്റപ്പെടുത്തി.
എന്നാൽ തന്‍റെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആര്‍ക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ലയെന്നും ഇപി വ്യക്തമാക്കി. താന്‍ തന്നെയാണ് ആത്മകഥ എഴുതുന്നത് എന്നാൽ കൈയക്ഷരം മോശമായതിനാല്‍ ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാന്‍ ഒരാളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇപി പറഞ്ഞു. നിലവിലെ വിവാദത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.