മന്ത്രിസഭാ പുനഃസംഘടന: വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഇ.പി. ജയരാജൻ

പുനഃസംഘടനയ്ക്ക് സമയമാകുമ്പോൾ മുൻധാരണ അനുസരിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും എൽഡിഎഫ് കൺവീനർ
ഇ.പി. ജയരാജൻ
ഇ.പി. ജയരാജൻ
Updated on

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന നേരത്തേയുള്ള ധാരണയനുസരിച്ച് തന്നെ നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. നാലു പാർട്ടികൾക്ക് രണ്ടര വർഷം എന്ന ധാരണ മുന്നണിയിലുണ്ട്. അത് പൂർത്തിയാകാൻ ഇനിയും സമയമുണ്ട്. സമയമാകുമ്പോൾ എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും, ഇതു സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജയരാജൻ പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ശനിയാഴ് രാവിലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.ബി. ഗണേഷ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ലെന്നും, അദ്ദേഹം ഗണേഷ് മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ലെന്നും ജയരാജൻ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, എൽഡിഎഫോ സിപിഎമ്മോ പുനഃസംഘടയെക്കുറിച്ച് എന്തെങ്കിലും ആലോചന നടത്തിയതായി സൂചനയില്ല. സിപിഎമ്മിന്‍റെ മന്ത്രിമാരിലും പുനഃസംഘടന എന്ന വാർത്തയും ജയരാജൻ നിരാകരിച്ചിരുന്നു.

എൽഡിഎഫിലെ ഒറ്റ അംഗ കക്ഷികളായ ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, കോൺഗ്രസ് എസ്, കേരളാ കോൺഗ്രസ് (ബി) എന്നിവർക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു നേരത്തേയുള്ള തീരുമാനം. ജനതാദൾ (എസ്) - എൽജെഡി ലയനം നടത്തണമെന്ന ഉപാധിയോടെ രണ്ടു കക്ഷികൾക്കുമായി ഒറ്റ മന്ത്രിസ്ഥാനം നൽകിയ മുന്നണി എൽജെഡിയെ അന്ന് പ്രത്യേകമായി പരിഗണിച്ചിരുന്നില്ല.

ജനാധിപത്യ കേരളാ കോൺഗ്രസിന്‍റെ ആന്‍റണി രാജുവിന്‍റെയും ഐഎൻഎല്ലിന്‍റെ അഹമ്മദ് ദേവർകോവിലിന്‍റെയും കാലാവധി നവംബറിൽ അവസാനിക്കും. കേരളാ കോൺഗ്രസ് (ബി)യുടെ കെ.ബി ഗണേഷ് കുമാർ ഗതാഗതം, കോൺഗ്രസ് എസിന്‍റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖം എന്നിവ പകരം ലഭിക്കേണ്ട കാലയളവ് ആസന്നമായ പശ്ചാത്തലത്തിലാണ് പുനഃസംഘടനാ വാർത്തയുടെ പ്രചാരണം.

എന്നാൽ, ഇതിനൊപ്പം സിപിഎമ്മിന്‍റെ ആരോഗ്യ മന്ത്രി വീണാ ജോർജിനെ സ്പീക്കറാക്കി സ്പീക്കർ എ.എൻ ഷംസീറിനെ പകരം ആരോഗ്യ മന്ത്രിയാക്കാൻ ആലോചനയെന്നാണ് ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് വ്യാജ വാർത്തയാണെന്നാണ് വീണാ ജോർജിന്‍റെ പ്രതികരണം. വാർത്ത കണ്ടതല്ലാതെ മറ്റൊന്നും അറിയില്ലെന്ന് ഷംസീറും പറഞ്ഞു.

അതേസമയം, രണ്ടര വർഷം കഴിയുമ്പോൾ എ.കെ. ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കാമെന്ന് എൻസിപി ദേശീയ നേതാക്കളായ ശരദ് പവാറും മകൾ സുപ്രിയ സുളെയും ഉറപ്പു നൽകിയതാണെന്നും ആ ഉറപ്പ് പാലിക്കണമെന്നും പാർട്ടിയുടെ രണ്ടാമത്തെ എംഎൽഎ തോമസ് കെ. തോമസ് ആവശ്യപ്പെട്ടു. ആർഎസ്പിയുടെ ഏക എംഎൽഎയായ കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തി.

Trending

No stories found.

Latest News

No stories found.