നാളുകൾ കഴിഞ്ഞിട്ടും വിവാഹ ആല്‍ബവും വീഡിയോയും കിട്ടിയില്ല; സ്റ്റുഡിയോ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെതാണ് വിധി
നാളുകൾ കഴിഞ്ഞിട്ടും വിവാഹ ആല്‍ബവും വീഡിയോയും കിട്ടിയില്ല; സ്റ്റുഡിയോ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
Updated on

കൊച്ചി: വാഗ്ദാനം ചെയ്ത പോലെ വിവാഹ ചടങ്ങിന്‍റെ ഫോട്ടോയും വിഡിയൊയും നല്‍കാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫിക് സ്ഥാപനം 1,18,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുണ്‍ ജി. നായര്‍, ഭാര്യ ശ്രുതി സതീഷ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

2017 ഏപ്രില്‍ 16നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്‍റെ തലേ ദിവസവും വിവാഹ ദിവസവും ഫോട്ടോയും അന്നത്തെ സല്‍ക്കാരവും ഫോട്ടോയും വിഡിയൊയും എടുക്കുന്നതിനായാണ് എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിച്ചത്. 58,1500 രൂപ അഡ്വാന്‍സ് ആയി നല്‍കുകയും ചെയ്തു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും ആല്‍ബവും വിഡിയൊയും എതിര്‍കക്ഷികള്‍ തയാറാക്കി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികള്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

'ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹ ചടങ്ങ് പകര്‍ത്തുന്നതിന് വേണ്ടിയാണ് സ്ഥാപനത്തെ പരാതിക്കാര്‍ സമീപിച്ചത്. എന്നാല്‍ വാഗ്ദാന ലംഘനമുണ്ടായപ്പോള്‍ പരാതിക്കാര്‍ക്ക് കടുത്ത മാനസിക വിഷമവും ഉണ്ടായി. പരാതിക്കാര്‍ അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വീഴ്ച വരുത്തിയവര്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഫോട്ടോഗ്രാഫി സേവനങ്ങള്‍ക്കായി പരാതിക്കാരന്‍ നല്‍കിയ 58,500 രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും 30 ദിവസത്തിനകം എതിര്‍കക്ഷി പരാതികാരന് നല്‍കണമെന്നാണ് ഉത്തരവ്. അഡ്വ. ഡി ബി ബിനു, അഡ്വ. വി രാമചന്ദ്രന്‍, അഡ്വ. ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായുള്ള കമീഷനാണ് ഉത്തരവിട്ടത്. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. അശ്വതി ചന്ദ്രന്‍ ഹാജരായി.

Trending

No stories found.

Latest News

No stories found.