തിരുവനന്തപുരം: എറണാകുളം-ഷൊർണൂർ റൂട്ടിൽ ഒരു പുതിയ പാത എന്ന ആവശ്യം റെയ്ൽവേയുടെ ബ്രൗൺബുക്കിൽ ഇടം പിടിച്ചിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഇതിന് ബജറ്റ് വിഹിതം അനുവദിക്കാമെന്നും റെയ്ൽവേ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ. പി. മമ്മിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വന്ദേഭാരത് കേരളത്തിൽ സർവീസ് ആരംഭിച്ചശേഷം അത് മറ്റ് സർവീസുകളെ ബാധിച്ചെന്ന പരാതി വ്യാപകമാണ്. പല ട്രെയ്നുകളുടെയും സമയക്രമം പുതുക്കി നിശ്ചയിച്ചു. വന്ദേഭാരത് കടത്തിവിടാൻ പല ട്രെയ്നുകളും പിടിച്ചിടുന്നു. വന്ദേഭാരത് സർവീസിലൂടെ കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കുന്നില്ലെന്ന വാദം ശരിവയ്ക്കുന്നതാണ് നിലവിലെ അവസ്ഥ.
ചെന്നൈക്ക് അടുത്ത് കാട്പാടിയിൽ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതും ട്രെയ്നുകൾ വൈകാൻ കാരണമാണ്. യാത്രക്കാർ അനുഭവിക്കുന്ന രൂക്ഷമായ യാത്രാക്ലേശം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എറണാകുളം- ഷൊർണൂർ പാതയിൽ പുതിയ ലൈൻ വരുന്നത് യാത്രാക്ലേശം പരിഹരിക്കുമെന്നും മന്ത്രി.