തിരുവനന്തപുരം: ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്‍റെ വാര്‍ഷിക പരിപാടിയായ 'ലിറ്റ്മസ് 23' ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് ഏഴു വരെ. വിവിധ പ്രഭാഷകര്‍ പ്രസന്‍റേഷനുകള്‍ അവതരിപ്പിക്കും. ഹിന്ദുത്വ ഇന്ത്യയ്ക്ക് അപകടമോ? ഇസ്ലാം അപരവത്കരണവും ഫോബിയയും, നവ ലിബറല്‍ നയങ്ങള്‍ ഗുണമോ ദോഷമോ? ഏകസിവില്‍ കോഡ് ആവശ്യമുണ്ടോ എന്നീ വിഷയങ്ങളിലാണ് സംവാദങ്ങള്‍.
ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ' എന്ന സംവാദത്തില്‍, എഴുത്തുകാരനും പ്രഭാഷകനുമായ സി. രവിചന്ദ്രനും, ബിജെപി വക്താവ് സന്ദീവ് വചസ്പതിയുമാണ് മാറ്റുരക്കുന്നത്. മോഡറേറ്റര്‍ ഉഞ്ചോയി.
'നവലിബറല്‍ ആശയങ്ങള്‍ ഗുണമോ ദോഷമോ', എന്ന സംവാദത്തിൽ സ്വതന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണനും, ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മുന്‍ സെക്രട്ടറിയും, ശാസ്ത്ര കേരളം മാസികയുടെ എഡിറ്ററുമായ ടി.കെ. ദേവരാജനും പങ്കെടുക്കും.
'ഇസ്‌ളാം: അപരവത്കരണവും ഫോബിയയും' എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും, എടവണ്ണ ജാമിഅഃ നദ്വിയ്യഃ അറബിക് കോളജ് ഡയറക്ടറുമായ ആദില്‍ അതീഫ് സ്വലാഹിയുമാണ് സംവദിക്കുന്നത്.
'ഏക സിവില്‍ കോഡ് ആവശ്യമുണ്ടോ' എന്ന സംവാദത്തില്‍ സി. രവിചന്ദ്രന്‍, അഡ്വ കെ. അനില്‍കുമാര്‍, അഡ്വ ഷുക്കുര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.
സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ അഡ്വ അനില്‍കുമാര്‍, ചാനല്‍ ചര്‍ച്ചകളിലെയും, സോഷ്യല്‍ മീഡിയയിലെയും സജീവ സാനിധ്യമാണ്. 'ന്നാ താന്‍ കേസ് കൊട്' എന്ന ചലച്ചിത്രത്തില്‍, തന്‍റെ തന്നെ പേരിലുള്ള വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ അഡ്വ ഷുക്കുര്‍, ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശത്തിലെ മാറ്റങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന വ്യക്തിയാണ്. രണ്ടുപെണ്‍മക്കള്‍ മാത്രമുള്ള ഷുക്കുര്‍ വക്കീല്‍, ഈയിടെ സ്വന്തം ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചത് വാര്‍ത്തയായിരുന്നു. സി സുശീല്‍കുമാറാണ് ഈ സംവാദത്തിന്‍റെ മോഡറേറ്റര്‍.