ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷൻ: ആദ്യഘട്ടത്തിന് 15 കോടിയുടെ ഭരണാനുമതി; മന്ത്രി വി.എൻ. വാസവൻ

മിനി സിവിൽ സ്‌റ്റേഷൻ നിർമിക്കുന്ന ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷൻ ക്വാർട്ടേഴ്‌സിനു സമീപമുള്ള സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി
ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷൻ: ആദ്യഘട്ടത്തിന് 15 കോടിയുടെ ഭരണാനുമതി; മന്ത്രി വി.എൻ. വാസവൻ
Updated on

കോട്ടയം: ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന്‍റെ ആദ്യഘട്ട നിർമാണത്തിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും നിർമാണം ഉടൻ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായും സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. മിനി സിവിൽ സ്‌റ്റേഷൻ നിർമിക്കുന്ന ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷൻ ക്വാർട്ടേഴ്‌സിനു സമീപമുള്ള സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

ഏറ്റുമാനൂർ ഭാഗത്തെ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. 

ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷന് സമീപം ക്വാർട്ടേഴ്‌സിനോടു ചേർന്ന് 90.25 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്‌റ്റേഷൻ നിർമിക്കുക. ഏറ്റുമാനൂരിൽ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 18 സർക്കാർ ഓഫീസുകളെ മിനി സിവിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുവരാനാകും. 64,000 ചതുരശ്രയടിയിൽ 6 നിലകളിലായി നിർമിക്കുന്ന സിവിൽ സ്‌റ്റേഷന് 32 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമാണത്തിനായാണ് 15 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്നും ബാക്കി തുക പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

28050 ചതുരശ്രയടി കെട്ടിടമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുക. റവന്യൂ പുറമ്പോക്കിൽ നിലവിലുള്ള പൊലീസ് ക്വാർട്ടേഴ്‌സിന്റെ ഒരു ഭാഗം ഇതിനായി എടുക്കേണ്ടിവരും. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുമായി സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്റ്റർ ഡോ.പി.കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭാംഗം ഇ.എസ് ബിജു, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.