തിരുവനന്തപുരം: 34വർഷമായി ആന്‍റണി രാജുവിനെ വിടാതെ പിന്തുടരുകയാണ് തൊണ്ടിമുതൽ കേസ്. വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടു കൂടി തൊണ്ടിമുതൽ ഇനിയും ആന്‍റണി രാജുവിന്‍റെ ഉറക്കം കളയുമെന്ന് ഉറപ്പായി. ആന്‍റണി രാജുവിനു പിന്നാലെ കൂടിയ തൊണ്ടിമുതൽ കേസിന്‍റെ ചരിത്രമറിയാം
1990ലാണ് കേസിന് തുടക്കമാകുന്നത്. അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സാൽവദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടി കൂടി. അക്കാലത്ത് വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്ന സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കു വേണ്ടി കോടതിയിൽ ഹാജരാജയത്. അന്ന് വിൽഫ്രണ്ടിന്‍റെ ജൂനിയറായിരുന്നു ആന്‍റണി രാജു. കേസിൽ വിദേശിയെ 10 വർഷത്തേക്ക് തിരുവനന്തപുര സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.
പക്ഷേ ഹൈക്കോടതിയെ സമീപിച്ചതോടെ ഇയാളെ വെറുതേ വിട്ടു. തൊണ്ടിമുതലായിരുന്ന അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് വിദേശിയെ കോടതി വെറുതേ വിട്ടത്. തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തൊണ്ടിമുതൽ കേസ് പുതിയ വഴിത്തിരിവിലേക്കെത്തിയത്. 1994ൽ വഞ്ചിയൂർ പൊലീസ് ഈ പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം കോടതിയിലെ തൊണ്ടി ക്ലർക്കായ ജോസിന്‍റെ സഹായത്തോടെ ആന്‍റണി രാജു തൊണ്ടി മുതൽ പുറത്തെത്തിച്ച് വെട്ടിച്ചെറുതാക്കി നൽകിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. അടിവസ്ത്രം വെട്ടിച്ചെറുതാക്കിയതായി ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു