ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം: ആരോഗ്യമന്ത്രി

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി
ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം: ആരോഗ്യമന്ത്രി
Updated on

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗ ലക്ഷണങ്ങൾ

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ട വേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

Trending

No stories found.

Latest News

No stories found.