തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടാക്സി, ഓട്ടോറിക്ഷ യൂണിയനുകളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനുകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ടൂറിസം വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യും. സ്റ്റാഫ് റൂമുകള്‍ക്ക് പുറമെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി രണ്ട് മുറികള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതിഥികളുമായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഐഡി കാര്‍ഡുകള്‍ നല്‍കും. സംസ്ഥാനത്തുടനീളമുള്ള 153 സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അത് എത്രയും വേഗം നടപ്പാക്കണമെന്നും ടൂറിസം സെക്രട്ടറി കെ. ബിജു അഭിപ്രായപ്പെട്ടു.