ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ വനിത കൃഷി ഓഫീസർ എം ജിഷയെ തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാവേലിക്കര ജയിലായിരുന്നു ജിഷ ആദ്യം ഉണ്ടായിരുന്നത്.
എന്നാൽ കോടതിയുടെ നിർദ്ദശപ്രകാരം വ്യാഴാഴ്ച രാത്രി തിരുവനന്തപുരം സർക്കാർ മാനസിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോടതിയിൽ തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട് എന്ന് ജിഷ പറഞ്ഞിരുന്നു. ഇതുമൂലമാണ് ഇവരെ മാറ്റി പാർപ്പിച്ചത്. എന്നാൽ ഇത് യഥാർത്ഥ കള്ളനോട്ടു സംഘത്തെ രക്ഷിക്കാനുള്ള ശ്രമമാണോയെന്നാണ് പൊലീസിന്‍റെ സംശയം.
ആലപ്പുഴ കോൺവെന്‍റ് സ്ക്വയറിലെ ബാങ്ക് ശാഖയിൽ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ നോട്ടുകളാണ് ജിഷയുടെ അറസ്റ്റിലേക്ക് വഴിവച്ചത്. 500 രൂപയുടെ 7 നോട്ടുകൾ മത്സ്യബന്ധന സാമഗ്രഹികൾ വിൽക്കുന്ന ആൾ ബാങ്കിൽ നൽകിയത്. നോട്ടു കണ്ട് സംശയം നോന്നിയ ബാങ്ക് മാനേജർ പരിശേധിച്ചപോഴാണ് ഇത് കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. തുടർന്ന് കൃഷി ഓഫീസറെ അറസ്റ്റു ചെയ്യുകയായിരുന്നു.
യുവതി കള്ളനോട്ടു സംഘത്തിന്‍റെ ശൃംഖലയാണെന്നാണ് പൊലീസിന്‍റെ സംശയം. എന്നാൽ കള്ളനോട്ടുകളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. ഇത് കള്ളനോട്ടുകളാണെന്ന് ബാങ്കിൽ നൽകിയ വ്യക്തിക്ക് അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ , വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുൻപ് ജോലിചെയ്ത സ്ഥലത്തും ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു.