കൊച്ചി<റിയൽ എസ്റ്റേറ്റ് ഇടപാടുകൾ അടക്കമുള്ളവയിൽ വിവാദത്തിലായ മലയാളി വ്യവസായി ഫാരിസ് അബൂബക്കറിന്റെ രാജ്യത്തെ ഭൂമി ഇടപാടുകളും വിദേശത്തെ പണമിടപാടുകളും ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും വിശദമായി പരിശോധിക്കും. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫാരിസിന്റെ വിവിധ ഓഫിസുകളിൽ ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കണ്‍സൽറ്റന്റായിരുന്ന സുരേഷ് കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഭൂമി ഇടപാടുകളുടെ രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി നാദിറയുടെ ഭർത്താവാണ് സുരേഷ്. ഇവരുടെ മണ്ണന്തലയിലെ വീട്ടിൽ 10 മണിക്കൂറിലേറെയായിരുന്നു പരിശോധന. ഫാരിസിന്റെ ചെന്നൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാരറ്റ് ഗ്രോവിന്റെ കണ്‍സള്‍ട്ടന്റായി 2018 മുതൽ സുരേഷ് കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ്.
വിവിധ മാധ്യമങ്ങളിൽ പല ഉന്നത മാനെജ്മെന്റ് തസ്തികകളിലും പ്രവർത്തിച്ചിരുന്ന സുരേഷിന്റെ വീട്ടിൽ ഐടി വകുപ്പ് പരിശോധന നടത്തിയതോടെ കോൺഗ്രസ് നേതൃത്വവും പ്രതിസന്ധിയിലായി. സുരേഷിന്റെ ഭാര്യയ്ക്കും മകനുമെതിരെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഗുരുതരമായ ആരോപണങ്ങളാണു മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
നിലവിൽ രാജ്യത്തിനു പുറത്തുള്ള ഫാരിസിനോട് ഒട്ടും വൈകാതെ ഇന്ത്യയിലെത്താൻ ഐടി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും ആവശ്യപ്പെട്ടു നോട്ടീസ് നൽകിയതായാണു സൂചന. സിപിഎമ്മിലെ പിണറായി- അച്യുതാനന്ദൻ വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദൻ വെറുക്കപ്പെട്ടവനെന്നും കളങ്കിതനെന്നും വിശേഷിപ്പിച്ചതോടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഇദ്ദേഹം മാധ്യമശ്രദ്ധയിൽ ഇടംപിടിച്ചത്.
ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മറ്റു പ്രമുഖർക്കും പങ്കാളിത്തമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ സംശയം. ഫാരിസ് നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വിദേശത്തു നിന്നു വൻതോതിൽ കള്ളപ്പണം നിക്ഷേപം നടത്തിയതായി സൂചന കിട്ടിയതിനെ തുടർന്നാണു കോഴിക്കോട് കൊയിലാണ്ടി നന്ദിയിലെ വസതിയിലും കൊച്ചി, ചെന്നൈ, ബംഗളൂരു, മുംബൈ, തൃശൂർ എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയം റെയ്ഡ് നടത്തിയത്.
കഴിഞ്ഞ 5 വർഷത്തിനിടെ ലക്ഷദ്വീപ് കേന്ദ്രീകരിച്ചു ഫാരിസ് നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും, അദ്ദേഹത്തിന്റെ കമ്പനികളിലേക്കു സമീപകാലത്ത് ഉറവിടം വെളിപ്പെടുത്താതെ എത്തിയ 100 കോടി രൂപയുടെ നിക്ഷേപവുമാണ് ഐടി വകുപ്പിന്റെ അന്വേഷണം വേഗത്തിലാക്കാൻ കാരണമെന്നാണു സൂചന.