റിലീസ് വിലക്ക്: അംഗീകരിക്കില്ലെന്ന് നിർമാതാക്കൾ, ഫിയോക് പിളർപ്പിലേക്ക്

"മഞ്ഞുമ്മല്‍ ബോയ്സ് ' സിനിമയ്ക്ക് റിലീസ് സാഹചര്യമൊരുക്കാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം തിയെറ്റര്‍ ഉടമകളും തയാറായിട്ടുണ്ട്. ഇത് ഫിയോക് നേതൃത്വത്തെ ഞെട്ടിച്ചു
റിലീസ് വിലക്ക്: അംഗീകരിക്കില്ലെന്ന് നിർമാതാക്കൾ, ഫിയോക് പിളർപ്പിലേക്ക്
Updated on

ജിബി സദാശിവൻ

കൊച്ചി: തിയെറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ സമരപ്രഖ്യാപനത്തോടെ മലയാള ചലച്ചിത്ര മേഖലയിൽ വീണ്ടും സംഘർഷത്തിന്‍റെ നാളുകൾ. സംഘടനകൾ തമ്മിലുള്ള തർക്കവും സംഘനയ്ക്കുള്ളിലെ എതിർപ്പും ബഹിഷ്കരണ ഭീഷണിയുമൊക്കെ മല്ലുവുഡിന് വീണ്ടും ഭീഷണിയാകുന്നു.

ഫിയോക്കിന്‍റെ ബഹിഷ്‌കരണ പ്രതിഷേധത്തിനെതിരേ സാങ്കേതിക വിദഗ്ധരുടെ ഫെഫ്‌ക അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നു. ഫിയോക്കിനുള്ളിലും എതിര്‍പ്പ് രൂക്ഷമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ബഹിഷ്‌കരണത്തിനോട് യോജിക്കുന്നില്ല.

ശ്രീഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്ന "മഞ്ഞുമ്മല്‍ ബോയ്സ് ' ഫിയോക്കിന്‍റെ സമര പ്രഖ്യാപനത്തെ വെല്ലുവിളിച്ച് 22ന് തന്നെ റിലീസ് ചെയ്യാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം. സിനിമയ്ക്ക് റിലീസ് സാഹചര്യമൊരുക്കാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം തിയെറ്റര്‍ ഉടമകളും തയാറായിട്ടുണ്ട്. ഇത് ഫിയോക് നേതൃത്വത്തെ ഞെട്ടിച്ചു. 23 മുതലാണ് സമരം എന്നാണ് പ്രഖ്യാപനം. സമര പ്രഖ്യാപനത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും ഉര്‍ത്തുന്നത്.

സമര പ്രഖ്യാപനം പത്ര- ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും മലയാള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കില്ല എന്ന ഫിയോക് നിലപാട് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാര്‍ഹവുമാണെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. മലയാള സിനിമയോടും പ്രേക്ഷകരോടും കേരളത്തോടും മാതൃഭാഷാ സ്നേഹികളോടും കാട്ടുന്ന അവഹേളനമാണിത്. അങ്ങേയറ്റം നിന്ദ്യമായ ഈ നിലപാട് പുനഃപരിശോധിക്കണമെന്ന് ഫിയോക്കിനോട് അഭ്യർഥിക്കുന്നു- ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ഫിയോകിന്‍റെ ജനറല്‍ബോഡി ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്നിരുന്നു. ഈ മാസം 21 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു തീരുമാനിക്കാനായിരുന്നു ഫിയോക്കിലെ ചിലരുടെ ശ്രമം. ഇതിനെ വലിയൊരു വിഭാഗം എതിര്‍ത്തു, അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അതിനു ശേഷവും റിലീസ് ചെയ്യില്ലെന്ന പ്രഖ്യാപനം നടത്തുകയായിരുന്നു ഫിയോക് നേതൃത്വം. ഈ സാഹചര്യത്തിലും സിനിമകള്‍ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഫിയോക്കിലെ വലിയൊരു വിഭാഗത്തിന്‍റെ തീരുമാനം. ഇത് ഫിയോക്കിലെ പിളര്‍പ്പിന് സാഹചര്യമൊരുക്കും.

ഇതിനൊപ്പം ഫെഫ്കയെടുക്കുന്ന ഉറച്ച നിലപാടും ഫിയോക്ക് ഭാരവാഹികളെ സമ്മര്‍ദത്തിലാകും. എല്ലാ സിനിമാ സംഘടനകളുമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന തത്വത്തിന്‍റെ ലംഘനമാണ് ഫിയോക്കിലെ ഒരു വിഭാഗം നടത്തുന്നത്. സമരം പൊളിയുമെന്ന് ഉറപ്പായതോടെ സമരം തുടങ്ങുന്നത് 23ലേക്ക് മാറ്റുകയും ചെയ്തു.

ഒടിടി റിലീസിന് സിനിമ നേരത്തേ കൊടുക്കുന്നുവെന്നതാണ് തിയെറ്റര്‍ ഉടമകളുടെ ആരോപണം. എന്നാല്‍ ഇതരഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ വരുന്നവയാണ്. അതുകൊണ്ടു തന്നെ മലയാള സിനിമയ്‌ക്കെതിരായ സമരപ്രഖ്യാപനത്തിന് ഫിയോക് പറയുന്ന ന്യായങ്ങള്‍ നിലനില്‍ക്കുന്നതെല്ലെന്നാണ് ഭൂരിഭാഗം സിനിമാ സംഘടനകളും പറയുന്നത്. അടുത്ത ആഴ്ചയും മലയാള സിനിമകളുടെ റിലീസ് ഉറപ്പിക്കാനാണ് നീക്കം.

മുമ്പ് ലിബര്‍ട്ടി ബഷീറിന്‍റെ നേതൃത്വത്തിലുള്ള എക്സിബിറ്റേഴ്സ് ഫെഡറേഷനായിരുന്നു തിയെറ്ററുകളുടെ പ്രമുഖ സംഘടന. റിലീസുമായി ബന്ധപ്പെട്ട സമരങ്ങളെ തുടര്‍ന്ന് ഫെഡറേഷന്‍ പിളര്‍ന്ന് ഫിയോക് ഉണ്ടായി. ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട തിയെറ്റര്‍ അടച്ചിടലിന്‍റെ പരിണിത ഫലമായിരുന്നു ഇത്. നടന്‍ ദിലീപും മോഹന്‍ലാലിന്‍റെ പിന്തുണയുള്ള ആന്‍റണി പെരുമ്പാവൂരുമായിരുന്നു ഫിയോക്കിന് പിന്നിലെ യഥാർഥ ശക്തികൾ. ഇന്ന് രണ്ടു പേരും ഫിയോക്കില്‍ സജീവമല്ല. അഞ്ചല്‍ വിജയകുമാറാണ് നിലവില്‍ ഫിയോക് അധ്യക്ഷന്‍. വിജയകുമാറാണ് പുതിയ സമര പ്രഖ്യാപനത്തിന് പിന്നില്‍. അഞ്ചല്‍ വിജയകുമാറിനോട് ഫിയോക്കിലെ ബഹുഭൂരിഭാഗം പേരും വിയോജിപ്പിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ.

Trending

No stories found.

Latest News

No stories found.