പുനലൂർ: ട്രെയിനുകള്‍ കുറവെങ്കിലും കൊല്ലം-ചെങ്കോട്ട പാതയെ കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നു. പ്രതിദിന സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനും ഒരു പ്രതിവാര സര്‍വീസും മാത്രമുള്ള ഈ പാതയിലെ പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ 2022 - 23 സാമ്പത്തിക വര്‍ഷത്തെ വരുമാനം 3.46 കോടി രൂപയാണ്.
കൊവിഡിനു മുമ്പ് 1.78 കോടിയാണ് വരുമാനം. കൊല്ലം ജില്ലയിലെ രണ്ടാമത്തെ വലിയ സ്റ്റേഷനും എക്സ്പ്രസ് സര്‍വീസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ടെര്‍മിനല്‍ സ്റ്റേഷനുമാണ് പുനലൂര്‍. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍റെ വരുമാനവും ഇരട്ടിയായി. 1.45 കോടി രൂപയായിരുന്ന വരുമാനം ഇക്കൊല്ലം 3.23 കോടി രൂപയായി.
കേരളത്തെ തമിഴ്നാടുമായി വേഗതയില്‍ ബന്ധിപ്പിക്കുന്ന പാത എന്നതാണ് കൊല്ലം-ചെങ്കോട്ട പാതയുടെ പ്രാധാന്യം. പാതയിലൂടെ ചരക്കു തീവണ്ടികളും ഓടിത്തുടങ്ങിയാല്‍ റെയില്‍വേയുടെ വരുമാനം ഉയരും. പാതയുടെ വൈദ്യുതീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. കൊല്ലം മുതല്‍ പുനലൂര്‍വരെ വൈദ്യൂതീകരണം പൂര്‍ത്തിയായി തീവണ്ടികള്‍ ഓടിത്തുടങ്ങി. പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുള്ള പാതയുടെ വൈദ്യുതീകരണം പുരോഗമിക്കുകയാണ്.
പാതയുടെ വൈദ്യുതീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. കൊല്ലം മുതല്‍ പുനലൂര്‍വരെ വൈദ്യൂതീകരണം പൂര്‍ത്തിയായി തീവണ്ടികള്‍ ഓടിത്തുടങ്ങി. പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുള്ള പാതയുടെ വൈദ്യുതീകരണം പുരോഗമിക്കുകയാണ്. ഈ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും റെയില്‍വേ അനങ്ങുന്നില്ല.
എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് സ്ഥിരമാക്കല്‍, ഗുരുവായൂര്‍ - പുനലൂര്‍ എക്സ്പ്രസ് മധുരവരെയും പാലക്കാട് - തിരുനെല്‍വേലി - പാലരുവി എക്സ്പ്രസ് തൂത്തുക്കുടിവരെയും ദീര്‍ഘിപ്പിച്ചാല്‍ പാതയുടെ വരുമാനം വീണ്ടും ഉയരും. 2019ല്‍ സര്‍വീസ് ആരംഭിച്ച വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരവും ലാഭകരവുമായിട്ടും ഇതുവരെ സ്ഥിരമാക്കിയിട്ടില്ല.