സീ പ്ലെയിന് വനം വകുപ്പിന്‍റെ റെഡ് സിഗ്നൽ; കലക്റ്റർക്ക് കത്ത്

പദ്ധതിയിൽ നേരത്തെ തന്നെ എതിർപ്പ് പരസ്യമാക്കിയിരുന്ന വനം വകുപ്പ് ഇപ്പോൾ ഔദ്യോഗികമായി തന്നെ ഇതിനെതിരേ നീങ്ങുകയാണ്

പൈനാവ്: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സ്വപ്ന പദ്ധതിയായ സീ പ്ലെയിൻ സർവീസ് അനിശ്ചിതത്വത്തിൽ. മാട്ടുപ്പെട്ടി ജലാശയത്തിൽ വിമാനം ഇറക്കുന്നതിനെതിരേ വനം വകുപ്പ് ഇടുക്കി ജില്ലാ കലക്റ്റർക്ക് കത്ത് നൽകിയതോടെയാണിത്. പദ്ധതിയിൽ നേരത്തെ തന്നെ എതിർപ്പ് പരസ്യമാക്കിയിരുന്ന വനം വകുപ്പ് ഇപ്പോൾ ഔദ്യോഗികമായി തന്നെ ഇതിനെതിരേ നീങ്ങുകയാണ്.

മൂന്നാർ ഡിഎഫ്ഒ ഇൻ-ചാർജ് ജോബ് ജെയ നേര്യംപറമ്പിലാണ് മാട്ടുപ്പെട്ടിയിൽ വിമാനം ഇറങ്ങുന്നതിന് തടസവാദം ഉന്നയിച്ച് കലക്റ്റർക്ക് കത്ത് നൽകിയിരിക്കുന്നത്. കാട്ടാനകൾ അടക്കം നിരവധി വന്യമൃഗങ്ങളുടെ വിഹാരരംഗമാണ് ഈ മേഖലയെന്നും, ഇവിടെ വിമാനം ഇറക്കുന്നത് മനുഷ്യ - വന്യമൃഗ സംഘർഷം രൂക്ഷമാകാൻ ഇടയാക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

നേരത്തെ, പദ്ധതി പ്രദേശത്ത് സംയുക്ത പരിശോധന നടത്തുന്ന സമയത്ത് തന്നെ വനം വകുപ്പ് ആശങ്ക അറിയിച്ചിരുന്നതാണ്. സീ പ്ലെയിൻ പരീക്ഷണാടിസ്ഥാനത്തിൽ ലാൻഡ് ചെയ്ത മാട്ടുപ്പെട്ടി ജലാശയത്തിനടുത്ത് വനമേഖലയാണ്. ആനമുടി ഷോല ദേശീയോദ്യാനത്തിലേക്ക് ഇവിടെ നിന്ന് മൂന്നര കിലോമീറ്റർ മാത്രമാണ് ഏരിയൽ ഡിസ്റ്റൻസ്.

പാമ്പാടുംഷോല, കുറിഞ്ഞിമല തുടങ്ങിയ പരിസ്ഥിതിലോല മേഖലകളും അടുത്തു തന്നെയുണ്ട്. ഇതിനുപുറമേയാണ്, കാട്ടാനകളുടെ ആവാസകേന്ദ്രമായ കണ്ണൻ ദേവൻ കുന്നുകളുടെ സാന്നിധ്യം. മാട്ടുപ്പെട്ടിയിൽ കന്നുകാലി വളർത്തലിനുള്ള ഇന്തോ - സ്വിസ് പദ്ധതി പ്രദേശത്തിനടുത്തുള്ള പുൽമേട്ടിലും ആനകൾ സദാസമയം കാണപ്പെടുന്നു.

ഈ മേഖലയിൽ സദാസമയം കാട്ടാനകൾ ഉണ്ടാകാറുണ്ട്. ഇവ മാട്ടുപ്പെട്ടി ജലാശയം മുറിച്ചുകടക്കുന്നതു പോലും സാധാരണമാണ്. ഈ സാഹചര്യത്തിൽ, ഇവിടെ വിമാനമിറക്കുന്നത് ആനകളുടെ സ്വതന്ത്ര സഞ്ചാരത്തിനു തടസമാകും. അവ ഭയപ്പെട്ട് നാട്ടിലേക്കിറങ്ങിയാൽ ജനങ്ങൾക്കും ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ.