കൽപറ്റ: ഉരുൾപൊട്ടലുണ്ടായ ചൂരൽമലയുടെ മുകളിലുള്ള ഏറാട്ടുകുണ്ട് ഊരിൽ പാറപ്പൊത്തിൽ പട്ടിണിയുമായി മല്ലിട്ടു കഴിഞ്ഞ 4 കുട്ടികളും മാതാപിതാക്കളുമടങ്ങിയ ആദിവാസി കുടുംബത്തെ വനംവകുപ്പുദ്യോഗസ്ഥർ സാഹസിക ദൗത്യത്തിലൂടെ പുറംലോകത്തെത്തിച്ചു.
ആദിവാസി ദമ്പതികളായ ശാന്ത, ഭർത്താവ് കൃഷ്ണൻ, ഒന്നും രണ്ടും മൂന്നും നാലും വയസുള്ള കുട്ടികൾ എന്നിവരെയാണ് കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആഷിഫ് കേളോത്ത്, മുണ്ടക്കയം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജയചന്ദ്രൻ, കൽപറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.അനിൽ കുമാർ, കൽപറ്റ ആർആർടി അംഗം അനൂപ് തോമസ് എന്നിവർ ചേർന്ന് രക്ഷിച്ചത്. ഉരുൾപൊട്ടലുണ്ടായ ദിവസം അട്ടമല വനത്തിൽ ഡ്യൂട്ടിക്കായി പോയ വനവകുപ്പുദ്യോഗസ്ഥർ അമ്മയും രണ്ട് കുഞ്ഞുങ്ങളും ഭക്ഷണം തേടി നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവരെ വീണ്ടും ഉദ്യോഗസ്ഥർ കണ്ടു. ഭക്ഷണം കിട്ടാതെ അമ്മയും കുഞ്ഞുങ്ങളും അവശരായിരുന്നു.
ആദിവാസി ഊരിൽ കൊടും പട്ടിണിയായതോടെ ഭർത്താവിനെയും മക്കളെയും ഊരിൽ വിട്ട് ഭക്ഷണം തേടിയിറങ്ങിയ ഇവർക്ക് ഒന്നും കിട്ടിയിരുന്നില്ല. പുറംലോകവുമായി അടുക്കാത്ത ഇവർക്ക് ഭക്ഷണവും പരിചരണവും വൈദ്യശുശ്രൂഷയും ലഭ്യമാക്കിയതോടെ കൂടുതൽ സംസാരിക്കാൻ തയ്യാറായി. പേര് ശാന്തയെന്നാണെന്നും ചൂരൽമല ഏറാട്ടുകുണ്ട് ഊരിലാണ് താമസിക്കുന്നതെന്നും ഒപ്പമുള്ള കുഞ്ഞിനെ കൂടാതെ 3 ചെറിയ മക്കളും ഭർത്താവും ഊരിലെ പാറപ്പൊത്തിൽ താമസിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. ഇതോടെ കുടുംബത്തെ രക്ഷിക്കാനുള്ള ദൗത്യം വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുകയായിരുന്നു.
അവിടെ ചെന്നപ്പോൾ ചെങ്കുത്തായ ഇറക്കവും അന്തരീക്ഷമാകെ മൂടിക്കിടക്കുന്ന കോട മഞ്ഞും മഴ പെയ്ത് വഴുക്കുന്ന വലിയ പാറക്കൂട്ടവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി നിന്നു. കാലുതെറ്റി താഴേക്കുപോയാൽ ജീവനോടെ തിരിച്ചുകിട്ടാത്തത്ര വലിയ താഴ്ചയിലാണ് ഇവർ താമസിച്ചിരുന്ന പാറപ്പൊത്ത്. 4 മണിക്കൂർ കൊണ്ടാണ് സംഘം അവിടെയെത്തിയത്. കയറിൽ തൂങ്ങിയിറങ്ങി ചെല്ലുമ്പോൾ ശാന്തയുടെ ഭർത്താവ് കൃഷ്ണൻ പാറപ്പൊത്തിന്‍റെ മൂലയിലും ഒന്നും രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങൾ പലയിടങ്ങളിലായും ഇരിക്കുന്നു. ഉടുതുണി പോലുമില്ലാത്ത കുഞ്ഞുങ്ങൾ കടുത്ത പട്ടിണിയിലാണെന്ന് ഒറ്റനോട്ടത്തിൽ മനസിലായി. തണുത്തു വിറങ്ങലിച്ചിരിക്കുന്ന കുട്ടികളെ കൈയിലെടുത്തു ചൂടു നൽകി. കൈയിലിരുന്ന ഭക്ഷണവും വെള്ളവും കൊടുത്തു.
എന്നാൽ വനംവകുപ്പുദ്യോഗസ്ഥരോടൊപ്പം കാടിറങ്ങാൻ കൃഷ്ണൻ ആദ്യം തയ്യാറായില്ല. പുറംലോകവുമായും പരിഷ്കൃത മനുഷ്യരുമായും ഇടപെഴകാൻ ഭയമുള്ളതാണ് കാരണം. ശാന്തയ്ക്കു ചെറിയ ആരോഗ്യപ്രശ്നമുണ്ടെന്നും അടിവാരത്തു നിൽക്കുകയാണെന്നും പറഞ്ഞതോടെയാണ് കൃഷ്ണന്‍ കൂടെ പോരാൻ തയാറായത്. 3 കുഞ്ഞുങ്ങളെയും ബെഡ്ഷീറ്റ് ഉപയോഗിച്ച് ശരീരത്തോടു ചേർത്തുകെട്ടിയാണ് കയറിൽ തൂങ്ങി മലയ്ക്ക് മുകളിലേക്ക് കയറിയത്. നാലര മണിക്കൂറെടുത്ത് ഇവരെ സുരക്ഷിതമായി മുകളിലെത്തിച്ചു. വനം വകുപ്പിന്‍റെ ആന്‍റി പോച്ചിങ് ക്യാംപിൽ (എപിസി) എത്തിച്ചു. 2 കിലോമീറ്റർ ദൂരെ കഴിയുന്ന ശാന്തയെയും കുട്ടിയെയും ഒരു വനിതാ ബിഎഫ്ഒ കൂട്ടിക്കൊണ്ടു വന്നു. 2 ദിവസത്തിന് ശേഷം മക്കളെ കണ്ടുമുട്ടിയ അമ്മ ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകി. ഭക്ഷണവും വീട്ടുസാധനങ്ങളും നൽകി അവരെ രാത്രി അവിടെ പാർപ്പിച്ചു. രാവിലെ കൂടുതൽ ഭക്ഷണവും വസ്ത്രവും എത്തിച്ചു. കുഞ്ഞുങ്ങൾക്ക് പുത്തൻ ഷൂവും നൽകി. എന്നാൽ എത്രനാൾ ഇവർ ഇവിടെ താമസിക്കുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഇവർ വീണ്ടും കാടുകയറി പാറപ്പൊത്തിലെ വീട്ടിലേക്ക് തന്നെ പോകാനുള്ള സാധ്യത ഏറെയാണ്.