അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി പി.ജി. മനുവിന് ജാമ്യം

കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
അഡ്വ. പി.ജി. മനു
അഡ്വ. പി.ജി. മനു
Updated on

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ വിചാരണ തീരുന്നതു വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, 2 ലക്ഷം രൂപയുടെ ബോണ്ട്, 2 ആൾ ജാമ്യവും എന്നിവയാണ് ഉപാധികള്‍.

കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. നേരത്തെ കേസിൽ പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പി ജി മനുവിനെതിരെ ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുന്‍പ് മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു. തുടർന്ന് പ്രതി ജനുവരി 31 ന് എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്‍റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്‍റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിരുന്നു.

Trending

No stories found.

Latest News

No stories found.