കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന 2016ലെ തുടര്‍ ഭരണം അട്ടിമറിച്ചത് തെരെഞ്ഞെടുപ്പിന് തൊട്ടു മുൻപ് യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലേയ്ക്ക് പോയ ഫ്രാൻസിസ് ജോർജ് ആണെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോണി നെല്ലൂർ.
2011 മുതല്‍ തന്നെ രാഷ്‌ട്രീയമായും ഭരണപരമായും തുടർഭരണത്തിനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു ഉമ്മന്‍ ചാണ്ടി. 100 ദിന കർമ പദ്ധതികളില്‍ തുടങ്ങി കേരളത്തില്‍ ഏറ്റവുമധികം പാലങ്ങൾ, ഏറ്റവും കൂടുതല്‍ റോഡുകള്‍, ഏറ്റവുമധികം മെഗാ പദ്ധതികള്‍ എന്നിങ്ങനെ 2016 കൊണ്ട് നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ ആ സർക്കാരിന് കഴിഞ്ഞു. എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് ഈ സര്‍ക്കാര്‍ തുടര്‍ ഭരണം നേടാനുള്ള അതുല്യമായ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി എന്ന ആത്മവിശ്വാസമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്.
അന്ന് ഉമ്മന്‍ ചാണ്ടി എല്ലാ യുഡിഎഫ് യോഗങ്ങളിലും പറയുന്ന ഒരു കാര്യം യുഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നതായിരുന്നു. എന്നാല്‍ യുഡിഎഫിന്‍റെ തുടര്‍ ഭരണം അട്ടിമറിച്ച് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് 4 നിയമസഭാ സീറ്റിനും ഒരു മന്ത്രി സ്ഥാനത്തിനും വേണ്ടി കേരള കോണ്‍ഗ്രസ് - എം വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാന്‍ ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും തീരുമാനിച്ചത് യുഡിഎഫിനേറ്റ കനത്ത പ്രഹരമായി.
മുന്നണിയില്‍ നിന്നും ഡോ. കെസി ജോസഫ്, ആന്‍റണി രാജു, പിസി ജോസഫ് എന്നിവരെ കൂടി ഫ്രാന്‍സിസ് ജോര്‍ജ് അടര്‍ത്തി മാറ്റി. അതോടെ ഉമ്മന്‍ ചാണ്ടി ഭരണത്തിന്‍റെ തുടര്‍ഭരണ ലക്ഷ്യത്തിന്‍റെ അടിത്തറ മാന്തിയാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മുന്നണി വിട്ടതെന്നും ജോണി നെല്ലൂർ പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ യുഡിഎഫിന് തുടര്‍ഭരണം നേടുക എന്നത്. അത് അട്ടിമറിച്ചത് കോട്ടയത്തെ യു ഡി എഫ് ഫ്രാന്‍സിസ് ജോര്‍ജാണ്. എന്നിട്ട് എല്‍ഡിഎഫില്‍ പോയെങ്കിലും എല്‍ഡിഎഫ് വന്‍ വിജയം നേടിയെങ്കിലും ഫ്രാന്‍സിസ് ജോര്‍ജും ഒപ്പം മത്സരിച്ച മറ്റ് മൂന്നു പേരും തോറ്റു. പിന്നീട് ആ എല്‍ഡിഎഫിനെയും വഞ്ചിച്ച് 2020 -ല്‍ യുഡിഎഫിലെത്തി.
2016 -ലെ യുഡിഎഫിന്‍റെ തുടര്‍ ഭരണം അട്ടിമറിച്ച നേതാവിനെ തന്നെ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ മത്സരത്തിനെത്തിച്ച പുതിയ യുഡിഎഫ് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനോടാണ് വഞ്ചന കാട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ആദ്ദേഹത്തിന്‍റെ കല്ലറയില്‍ വരാത്ത നേതാവ് സ്ഥാനാര്‍ഥി ആയ ശേഷം നാലോ അഞ്ചോ തവണ ആ കല്ലറയിലെത്തി ഫോട്ടോ ഷൂട്ട് നടത്തി. ഉമ്മന്‍ ചാണ്ടി ഓർമകള്‍ പോലും വില്ക്കാനുള്ള നീക്കമാണ് ചില കേന്ദ്രങ്ങളില്‍ നടക്കുന്നത്.
ഉമ്മന്‍ ചാണ്ടി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഈ വ്യക്തിയെ സ്ഥാനാര്‍ഥി ആക്കാന്‍ ഒരിക്കലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ആദ്യം ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയാനാണ് അദ്ദേഹം തയ്യാറാകേണ്ടത്. യാതൊരു രാഷ്‌ട്രീയ സംശുദ്ധിയും ഇല്ലാത്ത ഇല്ലെന്ന് തെളിയിച്ച 4 മുന്നണി മാറ്റങ്ങളും 4 പാർട്ടി മാറ്റങ്ങളുമാണ് അദ്ദേഹം കഴിഞ്ഞ 12 വർഷത്തിനിടെ നടത്തിയതെന്നും ജോണി നെല്ലൂർ പറഞ്ഞു.