സ്ഥല വില്പനയ്ക്ക് എന്ന വ്യാജ പരസ്യം നൽകി പണം തട്ടിപ്പ്: പ്രതി അറസ്റ്റിൽ

ജോഷി എന്ന വ്യാജപേരിലാണ് പ്രതി ഇരകളെ ബന്ധപ്പെട്ടിരുന്നത്.
Fraud of money by giving fake advertisement of land for sale: Accused arrested
പണം തട്ടിപ്പ്
Updated on

കൊച്ചി: മാധ്യമങ്ങളിൽ സ്ഥലം വില്പനക്ക് എന്ന് പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നയാൾ പൊലീസ് പിടിയിൽ. കോട്ടയം വാഴൂർ ഇളക്കുന്നേൽ വാടകയ്ക്ക് താമസിക്കുന്ന, കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി തട്ടാംപറമ്പിൽ വീട്ടിൽ മണി (68) യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

സ്ഥലം ബ്രോക്കർ എന്ന് പരിചയപ്പെടുത്തി വൻതുകകൾ വായ്പയായും, കൊടുക്കുന്ന തുകക്ക് ഇരട്ടി തുക നൽകുമെന്നും വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്‍റെ മുഖ്യആസൂത്രകനാണ് ഇയാൾ. ആലുവ സ്വദേശിയുടെ 15 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.

സ്ഥലം വില്പനക്ക് എന്ന് പരസ്യം നൽകിയ പരാതിക്കാരനെ ഫോണിൽ വിളിച്ച് ജോഷി എന്ന് പേര് പറഞ്ഞ് പരിചയപെട്ട് സൗഹൃദം സ്ഥാപിച്ചു. സിനിമാ മേഖലയിൽ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു. തന്‍റെ കൈയിൽ പലരുടേയും കള്ളപണം ഉണ്ടെന്ന് പറഞ്ഞു. കൂടാതെ കുറഞ്ഞ പലിശക്ക് പണം വാഗ്ദാനം നൽകിയും തമിഴ്നാട്ടിൽ നിന്ന് പണം കുറഞ്ഞ പലിശക്ക് നൽകാം എന്നും മറ്റും വാഗ്ദാനം നൽകി സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ മുവാറ്റുപുഴയിൽ വെച്ച് കൈമാറി തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് മണി.

ജോഷി എന്ന വ്യാജപേരിലാണ് പ്രതി ഇരകളെ ബന്ധപ്പെട്ടിരുന്നത്. നാഗമാണിക്യം, ഇരുതലമൂരി, പല്ലെനിയം, ഇരിഡിയം എന്നിങ്ങനെ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് . പത്ത് ലക്ഷം രൂപ ഇയാൾക്ക് അഡ്വാൻസായി നൽകിയാൽ കള്ളപ്പണത്തിൽ നിന്ന് 20 ലക്ഷം രൂപ നൽകുമെന്നും ബിസിനസ് നടത്തി ലാഭം കിട്ടിയ ശേഷം ബാക്കി പത്ത് ലക്ഷം തിരികെ കൊടുത്താൽ മതിയെന്നുമാണ് ഒരു വാഗ്ദാനം.

ഒരു ഇടപാടിന് ഒരു സിംകാർഡാണ് പ്രതി ഉപയോഗിച്ച് വന്നിരുന്നത്. അതിനു ശേഷം ആ സിം കാർഡ് ഉപേക്ഷിക്കുന്നതാണ് പതിവ്. വിവിധ ആളുകളുടെ പേരിൽ വ്യാജസിം കാർഡ് എടുത്തുകൊണ്ടാണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലുള്ള ആളുകളെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

തട്ടിപ്പ് നടത്തിയതിൽ അഞ്ചു ലക്ഷത്തോളം രൂപ പ്രതിയുടെ താമസസ്ഥലത്ത് ഒളിപ്പിച്ചനിലയിൽ നിന്നും പൊലീസ് കണ്ടെടുത്തു. കൂടാതെ ധാരാളം മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. ഒരു കുറ്റകൃത്യത്തിന് ഒരു മൊബൈൽ ഫോണും സിം കാർഡും ആണ് ഇയാൾ ഉപയോഗിച്ച് വന്നിരുന്നത്. കുറ്റകൃത്യത്തിനായി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൂട്ടുപ്രതികളെ പറ്റിയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീം അന്വേഷിക്കുന്നുണ്ട്. കോട്ടയത്ത് ദിവസങ്ങളോളം വേഷപ്രച്ഛന്നരായി താമസിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എം. ബൈജു, ഇൻസ്പെക്ടർ കെ.കെ. രാജേഷ്, പി.കെ. വിനാസ്, പി.സി. ജയകുമാർ സീനിയർ സിപിഓ ബിബിൽ മോഹൻ, രഞ്ജിത് രാജൻ എന്നിവരാണുള്ളത്.

Trending

No stories found.

Latest News

No stories found.