ശ്രേഷ്ഠ ബാവയ്ക്ക് നിത്യനിദ്ര

25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമായ അദ്ദേഹത്തിന് സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആദരമർപ്പിച്ചത്.
funeral of  Baselios Jacobite Syrian Church Catholica Basilios Thomas I
ശ്രേഷ്ഠ ബാവയ്ക്ക് നിത്യനിദ്ര
Updated on

കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ തലവൻ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതിക ശരീരം കബറടക്കി. എറണാകുളം പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനേഷ്യസ് കത്തീഡ്രൽ പള്ളിയോടു ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം കബറടക്കിയത്.

സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാത്രിയോടെയാണ് വിലാപയാത്രയായി മൃതദേഹം സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്ക സെന്‍ററിലെത്തിച്ചത്. 25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമായ അദ്ദേഹത്തിന് സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആദരമർപ്പിച്ചത്.

ബാവയുടെ ഭൗതീക ശരീരം കാണാന്‍ കോതമംഗലം ചെറിയ പള്ളിയിലും കോതമംഗലം വലിയ പള്ളിയിലും പുത്തന്‍കുരിശ് സഭാ ആസ്ഥാനത്തും ആയിരക്കണക്കിന് വിശ്വാസികളെത്തി. ഇന്നലെ രാവിലെ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തു നിന്ന് നിരവധി പേര്‍ ബാവയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് 3 മണിയോടെയാണ് പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായത്. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാർമികത്വത്തിലായിരുന്നു കബറടക്ക ശുശ്രൂഷകള്‍. 5.40ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ഡോ. ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍. വാസവന്‍ തുടങ്ങി നിരവധി പേര്‍ ശ്രേഷ്ഠ ബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ബാവയുടെ വില്‍പത്രം ഇതിനിടെ വായിച്ചു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് തന്‍റെ പിന്‍ഗാമിയാകണമെന്നാണ് വില്‍പത്രത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്നു ബാവാ വില്‍പത്രത്തില്‍ വ്യക്തമാക്കി.

നാലു മണിയോടു കൂടിയാണ് കബറടക്ക ശുശ്രൂഷയുടെ സമാപനക്രമം ആരംഭിച്ചത്. പിന്നാലെ താന്‍ തന്നെ പണി കഴിപ്പിച്ച മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായോട് ശ്രേഷ്ഠ ഇടയന്‍ വിടചൊല്ലി. അഞ്ചരയോടു കൂടി കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായി. അമെരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും എത്തിയ മെത്രൊപ്പൊലീത്തമാരും ചടങ്ങിൽ കാർമികരായി.

25 വർഷക്കാലം സഭയെ നയിച്ച മഹദ് വ്യക്തിത്വത്തിന് സർക്കാരിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിന്‍റെ അനുശോചന സന്ദേശം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കുമെന്ന് ബാവയ്ക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ എന്ത് തീരുമാനം എടുത്താലും ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു എന്നും അനുശോചന പ്രസംഗത്തിൽ മുഖ്യമന്ത്രി അനുസ്മരിച്ചു.

Trending

No stories found.

Latest News

No stories found.