സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നപോലെ മത -സാമുദായിക സംഘടനകൾക്കും ഉണ്ട്; ജി. സുകുമാരൻ നായർ

സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസിന് എന്നുമുണ്ടാവും
സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നപോലെ മത -സാമുദായിക സംഘടനകൾക്കും ഉണ്ട്; ജി. സുകുമാരൻ നായർ
Updated on

കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നപോലെ മത -സാമുദായികസംഘടനകൾക്കും ഉണ്ടെന്നും അത് കൃത്യമായും എൻഎസ്എസ് നിർവഹിച്ചുപോന്നിട്ടുണ്ടന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പെരുന്നയിൽ എൻഎസ്എസ് ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസിന് എന്നുമുണ്ടാവും. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക എന്നതും, നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എൻഎസ്എസിന്റെ പൊതുനയമാണ്. എൻഎസ്എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ആയിരിക്കും സ്വീകരിക്കുക. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തരപ്രശ്നങ്ങളിൽ എൻഎസ്എസ് ഇടപെടില്ല, അതുപോലെതന്നെ രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്റെ ആഭ്യന്തരകാര്യ ങ്ങളിൽ ഇടപെടാൻ അനുവദിക്കുകയുമില്ലെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.

എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ അംഗ പരിമിതർക്കുള്ള സംവരണ കാര്യത്തിലുള്ള സർക്കാർ ഉത്തരവുകളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. പഴയ നിയമം പൂർണമായും റദ്ദ് ചെയ്ത് 2016ലെ പുതിയ നിയമം നിലവിൽ വന്നതിനുശേഷം പഴയ നിയമപ്രകാരമുളള ഒഴിവുകൾ നികത്തണമെന്ന് പറയുന്നതിനുളള അസ്വാഭാവികതയും, പുതിയ ഒഴിവുകൾ മുഴുവനും അംഗപരിമിതർക്ക് മാത്രമായി നിജപ്പെടുത്തുന്നത് സർവീസിന്റെ കാര്യ ക്ഷമതയെ ബാധിക്കുമെന്നുളള കാര്യവും സൂചിപ്പിച്ച് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിൽ എൻഎസ്എസിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നില്ല. വിപ്ലവാത്മകമായ ഈ സംരംഭങ്ങളിൽ മന്നത്തുപത്മനാഭന്റേതായ പങ്ക് എന്തായിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്. എന്നാൽ ഇതു സംബന്ധിച്ച് തുടർന്നുള്ള ചടങ്ങുകളിലൊക്കെ മന്നത്തിനോടൊപ്പമുണ്ടായിരുന്നവർക്ക് നൽകിവരുന്ന പരിഗണന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ

സംഘടനയ്ക്കോ നല്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിട്ടില്ല എന്നു മാത്രമല്ല, ബോധപൂർവം അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്.

ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നില നിൽക്കുന്നത് എന്നതു കൊണ്ട് നായർ സർവീസ് സൊസൈറ്റി അതിൽ നിന്ന് ഒഴിഞ്ഞുമാറിനിന്ന് ശതാബ്ദിയാഘോഷത്തിൽ അഭിമാനംകൊള്ളാനാണ് തീരുമാനിച്ചത്. എങ്കിലും, നവോത്ഥാന സംരംഭങ്ങളിൽ മന്നത്ത് പത്മനാഭന്റെ പാത സർവീസ് സൊസൈറ്റി എന്നും പിന്തുടരുകതന്നെ ചെയ്യുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.

സംവരണേതരവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10ശതമാനം സംവരണം ഭരണഘടനാഭേദഗതി ശരിവച്ച സുപ്രീംകോടതിയുടെ ഏർപ്പെടുത്തിക്കൊണ്ടുള്ള അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ വിധി സ്വാഗതാർഹമായിരുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഭരണവർഗത്തിന് കഴി യാതെവന്നപ്പോഴാണ് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ വിദ്യാഭ്യാസ രംഗങ്ങളിൽ 10% സംവരണമെങ്കിലും നൽകണമെന്ന ആവശ്യം എൻഎസ്എസ് ഉന്നയിച്ചത്. എൻഎസ് എസിന്റെ ആവശ്യം കൂടി കണക്കിലെടുത്ത് കേന്ദ്രസർക്കാർ 2019ൽ ഭരണഘടനാ ഭേദഗതിയിലൂടെ തൊഴിൽ വിദ്യാഭ്യാസ രംഗങ്ങളിൽ 10% സാമ്പത്തിക സംവരണം നടപ്പിലാക്കുകയുണ്ടായി. ആ ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ച് സാമ്പത്തികസംവരണം ശരിവച്ചത്.

ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ചില വ്യക്തികളും സംഘടനകളും സുപ്രീംകോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാഹർജിയും കോടതി തള്ളിക്കളയുകയുണ്ടായി. ഇത് സാമൂഹികനീതിയുടെ വിജയമാണ്.

അടിസ്ഥാന മൂല്യങ്ങൾ കൈവിടാതെ, രാഷ്ട്രീയത്തിനതീതമായി എൻഎസ്എസ് ഒറ്റക്കെട്ടായി നീങ്ങണമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.