ജി. സുകുമാരൻ നായർ
ജി. സുകുമാരൻ നായർ

പുതുപ്പള്ളിയിൽ ബിജെപിക്ക് പിന്തുണയില്ലെന്ന് ജി. സുകുമാരൻ നായർ; സമദൂരം തുടരും

എൻഎസ്എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻഎസ്എസ് ഏതെങ്കിലും പാർട്ടിക്ക് പിന്തുണ നൽകി എന്നർഥമില്ല എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Published on

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ബിജെപിയ്ക്ക് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചു എന്ന വാർത്ത തെറ്റാണെന്നും എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

എൻഎസ്എസ് ചരിത്രത്തിലാദ്യമായി സമദൂര സിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓൺലൈൻ ചാനലിൽവന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എൻഎസ്എസിനുള്ളത്. എൻഎസ്എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻഎസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകി എന്നർഥമില്ല എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

മിത്ത് വിവാദത്തിന്‍റെയും നാമജപഘോഷയാത്രയുടെയും പശ്ചാത്തലത്തിൽ പുതുപ്പള്ളിയിൽ എൻഎസ്എസ്, ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് വാർത്ത വന്നത്. 2ദിവസം മുമ്പ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും ഇതിന് കാരണമായി. ഇതോടെ സമദൂരം ഉപേക്ഷിച്ച് എൻഎസ്എസ് പുതുപ്പള്ളിയിൽ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ചില ഓൺ ലൈൻ മാധ്യമങ്ങളുടെ കണ്ടെത്തൽ. ഇക്കാര്യമാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി തള്ളിയത്.