ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസിന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചു

ഇതോടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ള ആറാമത്തെ സ്റ്റേഷനായി കൊല്ലം മാറി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജങ്ഷൻ, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മറ്റ് അഞ്ച് സ്റ്റേഷനുകള്‍
ട്രെയിൻ. ഫയൽ ചിത്രം
ട്രെയിൻ. ഫയൽ ചിത്രം
Updated on

കൊല്ലം: ദീര്‍ഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമായി ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസിന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചു. ഇതോടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ള ആറാമത്തെ സ്റ്റേഷനായി കൊല്ലം മാറി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജങ്ഷൻ, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മറ്റ് അഞ്ച് സ്റ്റേഷനുകള്‍.

ഹംസഫര്‍ എക്സ്പ്രസ് പ്രതിവാര ട്രെയിനാണ്. 20 മുതലാണ് ട്രെയിൻ കൊല്ലത്ത് നിര്‍ത്തുക. 20293 നമ്പര്‍ തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ് 20ന് രാവിലെ 10.05ന് കൊല്ലത്ത് എത്തി 10.08ന് പുറപ്പെടും. മൂന്ന് മിനിറ്റാണ് സ്റ്റോപ്.

20294 ഗാന്ധിധാം-തിരുനെല്‍വേലി എക്പ്രസ് രാത്രി 9.32ന് കൊല്ലത്ത് എത്തി 9.35ന് പുറപ്പെടുന്ന രീതിയിലാണ് ടൈംടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ ജില്ലയില്‍നിന്ന് മംഗലാപുരം, മഡ്ഗാവ്, രത്നഗിരി, പനവേല്‍, സൂറത്ത്, വഡോദര, അഹ്മദാബാദ് എന്നിവിടങ്ങളില്‍ പോകേണ്ടവര്‍ക്കും ഇവിടങ്ങളില്‍നിന്ന് തിരികെ വരുന്നവര്‍ക്കും ഹംസഫര്‍ എക്സ്പ്രസ് സൗകര്യപ്രദമാവും. നേരത്തേ തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസിന് കൊല്ലത്ത് സ്റ്റോപ് ഇല്ലായിരുന്നു. എൻ. പീതാംബരക്കുറുപ്പ് എം.പി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രമഫലമായാണ് പിന്നീട് രാജധാനിക്ക് സ്റ്റോപ് അനുവദിച്ചത്. അടുത്തിടെ ആരംഭിച്ച തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസിനും കൊല്ലത്ത് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസിന് കുണ്ടറയിലും കൊല്ലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന് ആര്യങ്കാവിലും 18 മുതല്‍ സ്റ്റോപ് അനുവദിച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് ഉത്തരവ് ഇറങ്ങിയിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

Trending

No stories found.

Latest News

No stories found.