ന്യൂഡൽഹി: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ രവനീത് സിങ് ബിട്ടു രാജസ്ഥാനിൽ രാജ്യസഭാ സ്ഥാനാർഥിയാകും. സെപ്റ്റംബർ 3നു നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒമ്പതു സ്ഥാനാർഥികളെ ബിജെപി ഇന്നലെ പ്രഖ്യാപിച്ചു. 12 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാൽ രാജിവച്ച ഒഴിവിലാണു രാജസ്ഥാനിൽ മുൻ കോൺഗ്രസ് നേതാവ് രവനീത് ബിട്ടുവിനെ ബിജെപി സ്ഥാനാർഥിയാക്കിയത്.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ഡയറി വകുപ്പ് സഹമന്ത്രിയാണു ജോർജ് കുര്യൻ. മധ്യപ്രദേശിലെ ഗുണയിൽ നിന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച ഒഴിവിലാണു ജോർജ് കുര്യന്‍റെ സ്ഥാനാർഥിത്വം. കേരളത്തിൽ നിന്നു കേന്ദ്ര മന്ത്രിസഭയിൽ ഇടം നേടിയ ആദ്യ ബിജെപി നേതാവ് ഒ. രാജഗോപാലുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് അദ്ദേഹം. രാജഗോപാലും മധ്യപ്രദേശിൽ നിന്നാണു രാജ്യസഭാംഗമായത്. ഒന്നാം മോദി സർക്കാരിൽ സഹമന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനം രാജസ്ഥാനിലും രണ്ടാം മോദി മന്ത്രിസഭയിൽ ഇടം നേടിയ വി. മുരളീധരൻ മഹാരാഷ്‌ട്രയിലും നിന്നാണ് രാജ്യസഭയിലെത്തിയത്.
മുതിർന്ന അഭിഭാഷകൻ മനൻകുമാർ മിശ്ര (ബിഹാർ), കിരൺ ചൗധരി (ഹരിയാന), ധൈര്യശീൽ പാട്ടീൽ (മഹാരാഷ്‌ട്ര), മമത മഹന്ത (ഒഡീഷ), രജീബ് ഭട്ടാചാര്യ (ത്രിപുര), മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തെലി (അസം) എന്നിവരാണു മറ്റു സ്ഥാനാർഥികൾ. ഹരിയാനയിൽ കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ ലോക്സഭയിലേക്കു വിജയിച്ച ഒഴിവിലാണു മുൻ കോൺഗ്രസ് നേതാവ് കിരൺ ചൗധരിക്കു സ്ഥാനാർഥിത്വം.