കാസർഗോഡ്: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർ നിയമനം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രൻ. വിധി അംഗീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിധിക്കെതിരേ റിവ്യു ഹർജി നൽകില്ലെന്നും ഒരുപാടു കാര്യങ്ങൾ തനിക്ക് ചെയ്യാനായെന്നും അദ്ദേഹം പ്രതികരിച്ചു.
വൈസ് ചാന്‍സലറെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഗോപിനാഥ് രവീന്ദ്രനെയും സർക്കാരിനെയും കോടതി വിമർശിച്ചു. നിയമനത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.