തിരുവനന്തപുരം: അഡീ. സെക്രട്ടറിക്കു മുന്നിൽ ഹാജരാവാൻ സിസ തോമസിന് നോട്ടീസ് അയച്ച് ഉന്നത വിദ്യാഭാസ വകുപ്പ്. നാളെ 11.30 ഹാജരാവണമെന്നാണ് സിസക്ക് ലഭിച്ചിരിക്കുന്ന ഇമെയിൽ സന്ദേശം. നേരിട്ട് അയച്ച കത്ത് സിസ ഇതുവരെ കൈപ്പട്ടിയിട്ടില്ല. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് നാളെ ഹിയറിങ്. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
അനുമതിയില്ലാതെ വൈസ് ചാൻസിലർ പദവി ഏറ്റെടുത്തെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെ ചോദ്യം ചെയ്ത് സിസ തോമസ് നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്ന് തള്ളിയിരുന്നു. കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാരിനെ കേൾക്കണമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു.